തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിൽ ആകെ നഷ്ടം 31000 കോടിയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.  വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഐക്യരാഷ്ട്രസഭയുടെ ഡൽഹിയിലെ റെസിഡന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫാനിസീവാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമര്‍പ്പിച്ചത്.  കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യുഎന്‍ സഹായിക്കുമെന്ന് യൂറി അഫാനിസീവ് പറഞ്ഞു.

ഭവന നിര്‍മാണ മേഖലയിൽ 5,443 കോടി രൂപയാണ് ആവശ്യം. ആരോഗ്യരംഗത്ത് 600 കോടി വേണം, വിദ്യാഭ്യാസം-ശിശുസംരക്ഷണം എന്നീ മേഖലയിൽ 214 കോടി വേണം. സാംസ്കാരിക കേരളത്തിനും  പൈതൃക സംരക്ഷണത്തിനും 80 കോടിയുടെ നഷ്ടമുണ്ടായി.

കൃഷി, മത്സ്യബന്ധനം, കന്നുകാലി സമ്പത്ത് എന്നിവയുൾപ്പെട്ട മേഖലയിൽ 4,498 കോടി,  ജലവിതരണം, ശുചീകരണം എന്നിവയ്ക്ക് 1331 കോടിയും,  ഗതാഗത മേഖലയ്ക്ക് 10,046 കോടിയും വൈദ്യുത മേഖലയിൽ 353 കോടിയും, ജലസേചനരംഗത്ത് 1483 കോടിയും നഷ്ടമുണ്ടായി.

അടിസ്ഥാന സൗകര്യ മേഖലയിൽ 2,446 കോടിയാണ് നഷ്ടം. പരിസ്ഥിതിക്ക് 148 കോടി, തൊഴിൽ ജീവിതോപാധിക്ക് 3896 കോടി നഷ്ടവുമുണ്ടായി. ദുരന്ത ലഘൂകരണത്തിന് 110 കോടിയും ജെന്റർ-സാമൂഹിക മേഖലയിൽ 35 കോടിയും പ്രാദേശിക ഭരണ മേഖലയിൽ 32 കോടിയും ജലവിഭവ മാനേജ്മെന്റിൽ 24 കോടിയും ഇനി ആവശ്യമാണ്.

രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവ ലഭ്യത ഉറപ്പാക്കാനും യുഎന്‍ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ സാധിക്കും. രാജ്യാന്തര തലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകള്‍ പരിചയപ്പെടുത്തുന്നതിന് യുഎന്‍ വേദിയുണ്ടാക്കും.

പ്രളയമുണ്ടായപ്പോള്‍ സംസ്ഥാനം സമയോചിത ഇടപെടൽ നടത്തിയെന്ന് യുഎന്‍ സംഘം പ്രശംസിച്ചു. പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശ്രമവും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 669 ബോട്ടുകള്‍ ഉപയോഗിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. അവരുടെ പരിശ്രമം മൂലം ചുരുങ്ങിയത് 65,000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

1924-ന് ശേഷം ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 18 വരെയുളള കണക്കുപ്രകാരം മഴ സാധാരണ നിലയില്‍ നിന്ന് 42 ശതമാനം കൂടുതലായിരുന്നു. ഓഗസ്റ്റ് 15 മുതല്‍ 17 വരെ തീയതികളില്‍ ചില പ്രദേശങ്ങളില്‍ 300 മുതല്‍ 400 സെന്‍റി മീറ്റര്‍ മഴ പെയ്തു. തീവ്രമായ മഴ കാരണമാണ് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നത്. പത്തു ജില്ലകളിലായി 341 ഇടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രളയം 14 ജില്ലകളെയും ബാധിച്ചിരുന്നു. ആലപ്പുഴ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. 54 ലക്ഷം പേരെ പ്രളയക്കെടുതി ബാധിച്ചു.

14 ലക്ഷത്തോളം പേരെയാണ് പ്രളയത്തെ തുടർന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ശുദ്ധജല വിതരണം തകരാറിലായി. മൂന്നു ലക്ഷത്തിലേറെ കിണറുകള്‍ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലായി. 1,74,500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ 2.6 ശതമാനം വരുന്ന തുകയാണ് നഷ്ടമായത്. എല്ലാ പ്രാഥമിക മേഖലകളും പരിഗണിച്ചാല്‍ നഷ്ടം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ മൂന്നിലൊന്നാണ്.

മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ കേരളം നിര്‍മ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവര്‍ക്ക്) യുഎന്‍ മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്മെന്‍റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉള്‍ക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണ് ഈ നാലു ഘടകങ്ങള്‍.

പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യുഎന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിന്‍റെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിര്‍മാണം, സൗരോര്‍ജ്ജത്തിന്‍റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്മെന്‍റ്, ടൂറിസം മേഖലയുടെ ഹരിതവല്‍ക്കരണം മുതലായവ അതില്‍ ഉള്‍പ്പെടുന്നു.

ഭവനനിര്‍മാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യുഎന്‍ സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്ച്ചെലവ് കുറഞ്ഞതും ഈടുനില്‍ക്കുന്നതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  മഴ കൂടുതലുളള കേരളത്തില്‍ ഈടു നില്‍ക്കുന്ന റോഡുകള്‍ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യുഎന്‍ സഹായം ആവശ്യമാണെന്ന നിർദ്ദേശം യോഗത്തില്‍ ഉയര്‍ന്നു.

യുഎന്‍ സംഘത്തില്‍ ഡോ.മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോര്‍ജ്, രഞ്ജിനി മുഖര്‍ജി എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ, വി.എസ്.സുനില്‍കുമാര്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്.കുര്യന്‍, ബിശ്വാസ് മേത്ത, ടി.കെ.ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു എന്നിവരും പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ