ദുബായ്: യുഎഇയില്‍ നിന്നുമുള്ള സഹായത്തെ കേന്ദ്രം തടയുമ്പോഴും കേരളത്തെ നെഞ്ചോട് ചേര്‍ക്കുകയാണ് യുഎഇ. 175 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തുകയായിരുന്നു. യുഎഇിലുള്ള മലയാളി സമൂഹം ശേഖരിച്ച വസ്തുക്കളടമാണ് എമിറേറ്റ്‌സ് വിമാനം കേരളത്തിലെത്തിച്ചത്.

ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയില്‍ നിന്നെത്തുന്നത്. ഒരു ഡസനിലധികം എമിറേറ്റ്സ് കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തിലേക്ക് സഹായങ്ങളെത്തും.

മലയാളികള്‍ക്കു പുറമെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്സ് വഴി കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നുണ്ട്. കേരളത്തിലേക്ക് അവശ്യവസ്തുക്കള്‍ കയറ്റി വിടുന്നതിന്റെ വീഡിയോ എമിറേറ്റ്സ് പുറത്തുവിട്ടുണ്ട്.

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കെതിരെ മുന്‍ വിദേശ സെക്രട്ടറിമാര്‍ രംഗത്തെത്തി. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിദേശസഹായം വേറിട്ട് കാണണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചു.

വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് തത്തുല്യമായ തുക അധികമായി കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറും സേവാ ഭാരതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന ആഹ്വാനത്തിന്റെ ഭാഗമാണ് ബിജെപി സര്‍ക്കാരിന്റെ ഈ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ