ന്യൂഡല്‍ഹി: വെളളപ്പൊക്ക ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയടക്കമുള്ള വിദേശസഹായം ഇന്ത്യ സ്വീകരിക്കില്ല.  വിദേശസഹായം കൈപ്പറ്റേണ്ടെന്ന കീഴ്‌വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

കേരളത്തെ സഹായിക്കാനുളള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നതായി രവീഷ് കുമാർ പറഞ്ഞു. പക്ഷെ, ദുരിതാശ്വാസവും പുനരധിവാസവും രാജ്യം സ്വയം നിർവഹിക്കുമെന്ന നയം തുടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള രാജ്യാന്തര സംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും രവീഷ് കുമാർ വ്യക്തമാക്കി.

യുഎഇ., ഖത്തർ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ കേരളത്തിന് സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിനുള്ള സഹായവാഗ്‌ദാനങ്ങൾ വിനയത്തോടെയും നന്ദി പറഞ്ഞും നിരസിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം എംബസികൾക്ക് ഇ-മെയിൽ വഴി നിർദ്ദേശം നൽകിയിരുന്നു.

“ദുരന്തം നേരിടാൻ സ്വന്തം ശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ പ്രാഥമിക പരിഗണന നൽകുന്നത് എന്നറിയിക്കണം. നിലവിലെ സാഹചര്യം ഇന്ത്യയിലെ ജനങ്ങൾക്ക്‌ കൈകാര്യം ചെയ്യാൻ കഴിയുന്നതാണെന്ന് വിദേശ രാജ്യങ്ങളോട് വിശദീകരിക്കണം”, എന്നാണ് വിദേശകാര്യ മന്ത്രാലയം അയച്ച നിർദ്ദേശം.

യുപിഎ സർക്കാരാണ്  2004-ൽ ദുരന്തം നേരിടാൻ വിദേശസഹായം വാങ്ങേണ്ടെന്ന നിലപാട് സ്വീകരിച്ചത്. 2004-ൽ വീശിയടിച്ച സുനാമിയിലും 2013-ലെ ഉത്തരാഖണ്ഡ് പ്രളയത്തിലും ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നില്ല. ഉത്തരാഖണ്ഡിന് വെളളപ്പൊക്കസമയത്ത് റഷ്യ നൽകിയ സഹായം ഇന്ത്യ നിരസിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook