കൊച്ചി: ഓണത്തോടടുത്ത് കേരളത്തിന് ലഭിച്ച മൂന്ന് പ്രത്യേക തീവണ്ടികളിൽ രണ്ടെണ്ണത്തിൽ അധിക നിരക്ക് ഈടാക്കും. കൊച്ചുവേളിയിൽ നിന്ന് സെക്കന്തരാബാദിലേക്കും കൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്കുമുളളതാണ് ഈ ട്രെയിനുകൾ.

പ്രളയദുരിതത്തിൽ കഴിയുന്ന കേരളത്തിലെ ജനങ്ങൾക്ക് മേൽ അധികനിരക്ക് അടിച്ചേൽപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ റെയിൽവേ യാത്രക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ആഴ്ച മറ്റ് മൂന്ന് സ്പെഷൽ ട്രെയിനുകൾക്ക് സമാനമായ നിലയിൽ അധിക നിരക്ക് ഈടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ടാണ് സുവിധ ട്രെയിനുകളിൽ അടക്കം സാധാരണ നിരക്ക് ഈടാക്കാൻ ആവശ്യപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.15 നാണ് ഇവയിലൊന്ന് സർവ്വീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്കാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. നാളെ രാവിലെ പത്ത് മണിക്ക് ട്രെയിൻ യശ്വന്ത്‌പൂരിലെത്തും.

കൊച്ചുവേളിയിൽ നിന്ന് ഓഗസ്റ്റ് 27 ന് രാത്രി 8.20 നാണ് സെക്കന്തരാബാദിലേക്ക് 07120 നമ്പർ ട്രെയിൻ ആണ് പുറപ്പെടുന്നത്. ഈ ട്രെയിൻ ഓഗസ്റ്റ് 29 ന് പുലർച്ചെ മൂന്ന് മണിക്കാണ് സെക്കന്തരാബാദിൽ എത്തുക.

അതേസമയം കേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായ സാഹചര്യത്തിൽ കേരളത്തിലേക്ക് ഭുവനേശ്വറിൽ നിന്നും ഓടിക്കുന്ന സ്പെഷൽ ട്രെയിനിൽ സാധാരണ നിരക്ക് മാത്രമേ ഈടാക്കുന്നുളളൂ.

“ഇത് ഓണത്തോടനുബന്ധിച്ചുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനാണ്. ഇത് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചവയാണ്. നമ്മളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ട്രെയിൻ സാധാരണ നിരക്കിൽ ഓടും. പക്ഷെ ഇത് വെളളപ്പൊക്കവുമായി ബന്ധപ്പെട്ട് ഗതാഗത തടസത്തിന് താത്കാലിക ശമനമായിട്ടല്ല”, എന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ വക്താവ് ഷെബി കെ.ലാൽ പറഞ്ഞു.

അതേസമയം റെയിൽവേയുടെ അധികനിരക്ക് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ മറുപടി നൽകിയത്. അതേസമയം ട്രെയിനുകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം വിഷയത്തിൽ ഇടപെടുമെന്നും വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ