തൃശൂര്‍: സര്‍ക്കാരും പൊതു ജനങ്ങളും ഒരുമിച്ചാണ് നാടിനെ മുക്കിയ പ്രളയത്തെ നേരിടുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ എല്ലാ വ്യത്യാസങ്ങളും മറന്നു ജനം ഇറങ്ങുന്നു. എന്നാല്‍ ഇപ്പോഴും സ്വാര്‍ത്ഥത കൈവിടാത്ത ചിലരെങ്കിലുമുണ്ടെന്ന് ചില സംഭവങ്ങള്‍ തെളിയിക്കുന്നു. അത്തരത്തിലൊരു സംഭവത്തെ മറി കടക്കുകയാണ് തൃശ്ശൂര്‍ കലക്ടറായ ടിവി അനുപമ.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ട് നല്‍കാന്‍ കൂട്ടാക്കിയില്ല. മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളില്‍ ഒന്ന് കൂടിയാണ് തൃശൂര്‍.

പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ടു പൊളിക്കുകയായിരുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നോട്ടിസ് നല്‍കിയ ശേഷമാണ് പൂട്ടു പൊളിച്ചത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാട് മുഴുവന്‍ 24 മണിക്കൂറും പ്രവര്‍ത്തുക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ തൃശൂരില്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് പൂട്ടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.