/indian-express-malayalam/media/media_files/uploads/2018/08/thomas-issac-39442785_876099235920105_7126328368814882816_n.jpg)
ആലപ്പുഴ: കേരളത്തെ ഏതാണ്ട് സമ്പൂര്‍ണമായും ദുരിതക്കയത്തിലാക്കിയ പ്രകൃതി ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കലിതുള്ളി പെയ്യുന്ന കാലവര്‍ഷത്തിലും പ്രകൃതി ദുരന്തങ്ങളിലും ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച ഒരാഴ്ചക്കാലത്തിനിടയില്‍ നൂറിലധികം ജീവനുകള്‍ പൊലിഞ്ഞു. എണ്ണത്തില്‍ ആയിരം കവിഞ്ഞ താല്‍ക്കാലിക ക്യാമ്പുകളിലായി ഒന്നരലക്ഷത്തിലധികം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലായിടത്തുമായി ഒറ്റപ്പെട്ടുപോയ അനേകം പേരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള അത്യന്തം ശ്രമകരമായ ദൗത്യത്തിലാണ് ദുരന്തനിവാരണ സേനയും സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും.
/indian-express-malayalam/media/media_files/uploads/2018/08/39301782_10216511345758180_3598497134447427584_n.jpg)
എട്ടു പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രളയവും പേമാരിയും പ്രകൃതി ദുരന്തവുമാണിത്. സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പരിഹരിക്കാവുന്നതിലുമേറെ വ്യാപ്തിയും ആഴവുമേറിയ ദുരന്തദിനങ്ങളാണ് ഇത്. സംസ്ഥാനത്തെ എല്ലാ ഡാമുകളും മുമ്പൊരിക്കലുമില്ലാത്ത ഉയരത്തിലാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയാണ് പെരിയാറിലേക്ക് തുറന്നിരിക്കുന്നത്. അത് ഇടുക്കിയിലും പെരിയാറിന്റെ ഇരുകരകളടക്കം താഴ്ന്ന പ്രദേശങ്ങളെയാകെ ഭീതിയിലാക്കിയിട്ടുണ്ട്. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനഭരണകൂടങ്ങളുടെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘനകളുടെയും പൗരജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ നടക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2018/08/jaleel-39223073_1854324897989648_2719201360544268288_n.jpg)
ദുരിതക്കയത്തിലായ ജനങ്ങളെ സഹായിക്കാനും ആശ്വസിപ്പിക്കാനും എംഎല്‍എമാരടക്കം എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികള്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചുവരുന്നത്. ആശങ്കാകുലരായ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിപടരാതെ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ജനപ്രതിനിധികളുടെ സാന്നിധ്യവും സജീവ ഇടപെടലും ആശ്വാസകരമാണ്. അവരുടെ ദൗത്യനിര്‍വഹണത്തില്‍ പിന്തുണ നല്‍കാന്‍ രാഷ്ട്രീയ നേതാക്കളടക്കം പൊതുപ്രവര്‍ത്തകര്‍ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പുളിങ്കുന്ന് രക്ഷാപ്രവത്തകരോടൊപ്പം അദ്ദേഹം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു കുഞ്ഞിനെ കൈകളിലേന്തി വാഹനത്തില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായി മാറിയത്. പുളിങ്കുന്നില്‍ ഒറ്റപ്പെട്ടു പോയ 500 പേരെയാണ് ഇവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്ന് അദ്ദേഹം അറിയിച്ചു. 'നാം അതിജീവിക്കും... ഒറ്റക്കെട്ടായി...' എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രതികൂലമായ കാലാവസ്ഥ വകവയ്ക്കാതെയാണ് മന്ത്രി രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇന്ന് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയജലമൊഴിഞ്ഞ് കേരളത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ മാസങ്ങളുടെ കഠിനാധ്വാനവും ആയിരക്കണക്കിന് കോടി രൂപയുടെ വിഭവസമാഹരണവും ആവശ്യമാണ്. കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ രക്ഷാദൗത്യസംഘങ്ങളും ഹെലികോപ്റ്റര്‍, കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകള്‍ എന്നിവയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച സൈനിക സംഘങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ അഭൂതപൂര്‍വമായ ഈ പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സമഗ്ര പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സേലം-കന്യാകുമാരി ദേശീയപാത 544 തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ മലയിടിഞ്ഞ് ഗതാഗതം നിലച്ചിരിക്കുകയാണ്. അവിടെ ഗതാഗതം പുനഃസ്ഥാപിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും എത്രത്തോളം കാലതാമസമുണ്ടാവുമെന്ന് പറയാറായിട്ടില്ല. അത് മധ്യകേരളത്തിലെ വിപണികളിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം മന്ദഗതിയിലാവാനും തടസ്സപ്പെടാനുമുള്ള സാധ്യതകള്‍ ഏറെയാണ്. സംസ്ഥാനത്തെ വിപണികള്‍ പലതും വെള്ളത്തിനടിയിലായതും അടഞ്ഞുകിടക്കുന്നതും ഭക്ഷ്യദൗര്‍ലഭ്യം സൃഷ്ടിക്കും. അവസരം മുതലാക്കാന്‍ മുതിരുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ജാഗ്രത കൂടിയേ തീരൂ. എഫ്‌സിഐ അടക്കം പൊതുമേഖലാ ഭക്ഷ്യധാന്യ വിതരണ ശൃംഖലകളില്‍ നിന്ന് അവ തടസം കൂടാതെ ലഭ്യമാക്കാനും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലടക്കം സൗജന്യമായി വിതരണം ചെയ്യേണ്ടിടങ്ങളിലെല്ലാം അവ എത്തിക്കാനും കരുതലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.