Kerala Floods: മലപ്പുറം: രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലയായിരുന്നത്. ആരാണ് വീഡിയോയിലെ ഈ യുവാവെന്ന് അറിയാനായി ഓരോരുത്തരും തിരഞ്ഞു.

ഒടുവില്‍ അതിന് ഉത്തരമായിരിക്കുകയാണ്. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജെയ്‌സല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് മുന്നിലാണ് സ്വന്തം മുതുക് ചവിട്ടുപടിയാക്കി ഈ മനുഷ്യന്‍ വെള്ളത്തില്‍ കിടന്നത്.

‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് കേറിക്കോളിന്‍..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളില്‍ അയാള്‍ മനുഷ്യനാണ്. ഇന്ന് ഈ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസില്‍ ഇയാള്‍ക്ക ്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറ്റാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഈ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നില്‍ നിര്‍ത്താവുന്ന ഹൃദ്യദൃശ്യം’, വീഡിയോയ്ക്ക് കൂടെ പ്രചരിക്കുന്ന അടിക്കുറിപ്പാണിത്.

‘ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും ആ അമ്മ മറന്നു. എന്നാല്‍ അപ്പോഴും ആ മനുഷ്യന്‍ നിങ്ങള് കയറിക്കോളൂ ഉമ്മ എന്ന് ഒരുനൂറാവര്‍ത്തി മനസില്‍ പറഞ്ഞുകാണും. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കാണ് ഈ മനുഷ്യന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തില്‍ സര്‍ക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തില്‍ നിന്നും അതിജീവിക്കാനൊരുങ്ങുന്നത്’,

‘എല്ലാവരും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു, പലപ്പോഴും കണ്ണ് നിറയ്ക്കുന്നു’, ഒഴുക്കിനെതിരെ ഒന്നിച്ച് നീന്തുന്ന കേരളത്തിലെ കാഴ്ച്ചകളെ കുറിച്ചാണ് വിശേഷണം. കൈയും മെയ്യും മറന്നാണ് ഓരോരുത്തരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലായിടത്തു നിന്നുളള കാഴ്ച്ചയും ശക്തി പകരുന്നതാണ്. വിവിധസേനാവിഭാഗങ്ങള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആതുരസേവന രംഗത്തുള്ളവര്‍, യുവതീയുവാക്കള്‍, വിവിധ തൊഴില്‍ മേഖലകളിലുള്ളവര്‍, മത്സ്യത്തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, യുവജനസംഘടനകള്‍.
അങ്ങനെ ഒരായിരങ്ങള്‍ രക്ഷാപ്രവര്‍ത്തനരംഗത്ത് സജീവമാണ് കഴുത്തോളം മുങ്ങിയിരുന്ന നമ്മള്‍ വെള്ളക്കെട്ടുകളെ അതിജീവിക്കുകയാണ്, ജീവിതത്തിലേക്ക് പലായനം നടത്തുകയാണ്.

Read More:കാല് കുത്താന്‍ മണ്ണില്ല, ‘മുതുകുകളില്‍ ചവിട്ടി’ കേരളം കരയ്ക്ക് കയറുന്നു; കണ്ണ് നിറച്ച് രക്ഷാപ്രവര്‍ത്തകര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ