Rebuild Kerala: ദുരിതാശ്വാസ ക്യാംപുകളിൽ മിനിമൽ മെറ്റീരിയലുകളും അധികം പണച്ചെലവുമില്ലാതെ നിർമ്മിച്ചെടുക്കാവുന്ന ടെമ്പററി ബാത്ത്റൂം യൂണിറ്റുകളെയും ടോയ് ലെറ്റുകളെയും പരിചയപ്പെടുത്തുകയാണ് ആർക്കിടെക്റ്റ് ലത രാമൻ ജയ്ഗോപാൽ. ലാറി ബെക്കറുടെ മിനിമൽ യൂട്ടിലിറ്റി എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ലതയും ഭർത്താവ് ജയ്ഗോപാൽ ഗോവിന്ദ റാവുവും ഇവരുടെ തൃപ്പൂണിത്തുറ ഏരൂരിലെ ഇൻസ്പിരിഷേൻ എന്ന ഡിസൈൻ കൺസൽട്ടൻസിയും ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
” സ്കൂളുകൾ പോലെ പകൽസമയങ്ങളിൽ മാത്രം ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലാണല്ലോ ഏറെ ക്യാംപുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. അത്തരം ഇടങ്ങളിൽ ടോയ്‌ലറ്റ് സൗകര്യം ആവശ്യത്തിനുണ്ടെങ്കിലും ബാത്ത്റൂം സൗകര്യങ്ങൾ അപര്യാപ്തതമായിരിക്കും. ക്യാംപുകൾ സന്ദർശിച്ചപ്പോൾ അത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കി. സ്ത്രീകൾക്ക് കുളിക്കാനും വസ്ത്രംമാറാനുമൊക്കെ സ്വകാര്യത വേണമെന്നതിനാൽ അവർ ടോയ്‌ലറ്റുകളിൽ തന്നെ കുളിക്കാൻ നിർബന്ധിതരാകുകയാണ്,” ലത പറയുന്നു.
” നോർമൽ സെപ്റ്റിക് ടാങ്കുകളാണ് മിക്കയിടങ്ങളിലുമുള്ളത്. കുളിക്കുമ്പോൾ വലിയ അളവിലുള്ള ജലമാണ് ഈ സെപ്റ്റിക് ടാങ്കുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സെപ്റ്റിക് ടാങ്കുകൾ പെട്ടെന്ന് നിറയാൻ കാരണമാകുന്നു. സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യങ്ങൾ താരതമ്യേന നമുക്കു കുറവാണല്ലോ. അതുകൊണ്ട്, പരമാവധി ആ അവസ്ഥ വരാതെ നോക്കുക എന്നതാണ് പ്രായോഗികമായ വഴി. ടെമ്പററി ആയി ഉപയോഗിക്കാവുന്ന ബാത്ത് റൂം യൂണിറ്റുകൾ എന്ന ആശയത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്,” ലത കൂട്ടിചേർത്തു.
ക്യാംപുകൾക്ക് ഇണങ്ങുന്ന ഈ ടെമ്പററി ബാത്ത്റൂം യൂണിറ്റിന് 7,000 രൂപയാണ് നിർമ്മാണച്ചെലവ് വരുന്നത്. ഒരു യൂണിറ്റിൽ രണ്ടു ബാത്ത്റൂമുകളാണ് ഉണ്ടായിരിക്കുക. മെറ്റീരിയൽ വേസ്റ്റേജ് പരമാവധി കുറക്കാനാണ് ഒരു യൂണിറ്റിൽ രണ്ട് ബാത്ത്റൂമുകൾ നൽകിയിരിക്കുന്നത്. നൂറുശതമാനവും പുനരുപയോഗിക്കാവുന്ന മെറ്റീരിയലുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. കാറ്റാടിമരത്തിന്റെ തടി കൊണ്ടുള്ള ഫ്രെയിമിൽ പ്ലാസ്റ്റിക് ക്യാൻവാസ് ഷീറ്റ് ഉറപ്പിച്ചാണ് ഭിത്തിയൊരുക്കുന്നത്. സ്വകാര്യത ഉറപ്പാക്കാനും മഴയിൽ നിന്ന് സംരക്ഷണം നൽകാനുമായി ബാത്ത് റൂമിന്റെ മുകളിലും ക്യാൻവാസ് ഷീറ്റ് നൽകിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ഇവ നിർമ്മിച്ചെടുക്കാം.
വിദഗ്ധ തൊഴിലാളികളുടെ സേവനമൊന്നും ആവശ്യമില്ല എന്നതിനാൽ, ആർക്കും വളരെ എളുപ്പത്തിൽ നിർമ്മിക്കാം എന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. ഈ ബാത്ത്റൂമുകളുടെ നിലമൊരുക്കിയിരിക്കുന്നത് ഇന്റർലോക്ക് ബ്ലോക്കുകൾ പാകിയാണ്. അൽപ്പം ചെരിവിൽ ഒരുക്കിയ നിലം വെള്ളം കെട്ടി നിൽക്കുന്നത് തടയും. വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനായി ചെറിയൊരു ഡ്രെയിനേജും ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്ര ഹാനികരമല്ലാത്തതിനാൽ ഈ വെള്ളം മണ്ണിനും ദോഷമുണ്ടാക്കുന്നില്ല.
ഇതേ സ്ട്രക്ച്ചറിൽ ടോയ്‌ലറ്റുകളും നിർമ്മിക്കാൻ സാധിക്കും. അതിനായി, പ്ലിൻത് ഏരിയയുടെ ഉയരം അൽപ്പം കൂട്ടി, ഒരു ക്ലോസറ്റും ചെറിയ ടാങ്കും കൂടി ഘടിപ്പിച്ചാൽ മതിയാവും. ഇത്തരത്തിലുള്ള ഒരു ബാത്ത് റൂമിന് 8000 മുതൽ 9000 വരെ ചെലവു വരും.
” ആലപ്പുഴ ജില്ലയിലെ കലവൂരിലെ ക്യാംപിൽ ഞങ്ങൾ പരീക്ഷണാർത്ഥം ഒരു ടെമ്പററി യൂണിറ്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് സംഘടനയും 40 യൂണിറ്റുകൾ സ്പോൺസർ ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്,” ലത പറയുന്നു.
ഓണാവധി കഴിഞ്ഞ് പല സ്കൂളുകളും ഉടനടി തുറക്കാൻ തയ്യാറാവുന്നതിനാൽ, നിലവിലെ പല ക്യാംപുകളും മറ്റൊരിടത്തേക്ക് മാറ്റേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എവിടെയൊക്കെയാണ് ഇനിയും ക്യാംപുകൾ പ്രവർത്തിക്കുന്നത് എന്നു നോക്കി കൂടുതൽ യൂണിറ്റുകൾ ക്യാംപുകളിലേക്കായി ചെയ്തു കൊടുക്കാം എന്നാണ് ഇവർ പ്ലാൻ ചെയ്യുന്നത്.