തിരുവനന്തപുരം: പ്രളയദുരിതത്തിന്റെ നഷ്ടങ്ങളിൽ നിന്ന് കേരളത്തിന് കരകയറാൻ തമിഴ്‌നാട് സർക്കാർ ജീവനക്കാരും സഹായഹസ്‌തവുമായി രംഗത്തെത്തി. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് വേണ്ടി ഒരു ദിവസത്തെ വേതനമാണ് തമിഴ്‌നാട് സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തുക നല്‍കാനാണ് തീരുമാനമെന്നന് തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാര്‍ പറഞ്ഞു. ഏകദേശം 200 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ഈ വഴിയിൽ ലഭിക്കുക. പ്രളയത്തിൽ കേരളത്തിന് ശക്തമായ കൈത്താങ്ങാകാൻ തമിഴ്‌നാട് സർക്കാർ ജീവനക്കാർ ശ്രമിച്ചിരുന്നു.

അരിയും അവശ്യമരുന്നുകളും വസ്ത്രങ്ങളുമടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിച്ചിരുന്നു. രണ്ട് ലോഡ് അവശ്യവസ്തുക്കളാണ് ഇവരുടെ ശ്രമഫലമായി കേരളത്തിലേക്ക് എത്തിച്ചത്.

കേരളത്തിന് പ്രളയക്കെടുതിയെ മറികടക്കാൻ ആവശ്യമായ ധനസഹായം നൽകാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് ഇതിൽ പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകും ചെയ്കു.

ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ ശശി തരൂർ, അവരുടെ പ്രതിനിധികളുമായി കേരളത്തിലെ പ്രളയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു. യുഎൻ അണ്ടർ സെക്രട്ടറി ജനറലായ മൈക്കൽ മില‌ർ, പീറ്റർ സാൽമ, ഡോ. സൗമ്യ സ്വാമിനാഥൻ, റെഡ്ക്രോസിലെ പീറ്റർ മൗറർ എന്നിവരുമായാണ് കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് ശശി തരൂർ ചർച്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.