/indian-express-malayalam/media/media_files/uploads/2018/08/kerala_flood_girl_donates_heart_surgery_money-1.jpg)
ഹൃദയശസ്ത്രക്രിയയ്ക്ക് കരുതി വച്ചിരുന്ന തുകയിൽ നിന്നും കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അക്ഷയയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി.
സ്വന്തം ജീവൻ തന്നെ ആശങ്കയിലിരിക്കുമ്പോഴും ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവൻ തുകയും കണ്ടെത്താൻ കഴിയാതിരിക്കുമ്പോഴും കേരളത്തിലെ പ്രളയത്തെ കുറിച്ചറിഞ്ഞപ്പോൾ സഹായഹസ്തം നീട്ടാൻ തയ്യാറായ തമിഴ്നാട് സ്വദേശിയായ ഈ പന്ത്രണ്ടുവയസ്സുകാരിയുടെ സമാനതകളില്ലാത്ത പ്രവൃത്തി ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഹൃദയശസ്ത്രക്രിയയ്ക്കായി സ്വരുക്കൂട്ടി വച്ചിരുന്ന 20,000 രൂപയില്‍ നിന്ന് 5000 രൂപയാണ് അക്ഷയ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ആ സ്‌നേഹത്തിനും സുമനസ്സിനും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീചിത്ര തിരുനാള്‍ ആശുപത്രി അധികൃതർ സൗജന്യചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്.
" അക്ഷയയുടെ നന്മ നിറഞ്ഞ പ്രവർത്തിയെ കുറിച്ച് വാർത്ത മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞ ഹോസ്പിറ്റൽ അധികൃതർ പെൺകുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു," ഡോക്ടർ ആശാ കിഷോർ പറയുന്നു. തീർത്തും സൗജന്യമായി തന്നെ അക്ഷയയുടെ ചികിത്സ നടത്തി കൊടുക്കാൻ ശ്രീചിത്ര തിരുനാള്‍ ആശുപത്രി അധികൃതർ തീരുമാനിച്ചതായും ആശ അറിയിച്ചു.
തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ കുമാരപാളയം സ്വദേശിയാണ് അക്ഷയ. 6 വർഷം മുമ്പ് അക്ഷയയുടെ പിതാവ് മരണപ്പെട്ടിരുന്നു. അംഗനവാടി ജോലിക്കാരിയായ അമ്മ ജ്യോതിമണിയുടെ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. കഷ്ടപ്പാടിനിടയിൽ അക്ഷയയുടെ അസുഖം കൂടിയായതോടെ, വിലയേറിയ ശസ്ത്രക്രിയയ്ക്ക് വേണ്ടി​ ഉള്ളതെല്ലാം നുള്ളിപെറുക്കിയും ആളുകളോട് സഹായമഭ്യർത്ഥിച്ചും വരികയായിരുന്നു അക്ഷയയും കുടുംബവും.
ഏതാണ്ട് 3,50,000 രൂപയ്ക്ക് അടുത്ത് ചെലവു വരും സർജറിക്ക് എന്നാണ് അക്ഷയയെ ചികിത്സിക്കുന്ന ചെന്നൈ ഹോസ്‌പിറ്റലിലെ ഡോക്‌ടർമാർ അക്ഷയയുടെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അക്ഷയയുടെ ആദ്യത്തെ സർജറി.​ ഈ വർഷം നവംബറിൽ നിർദ്ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയ കൂടി പൂർത്തിയായാൽ മാത്രമേ അക്ഷയയ്ക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ.
ചില അഭ്യുദയകാംക്ഷികൾ ഫേസ്ബുക്കിലും മറ്റുമായി നൽകിയ സഹായ അഭ്യർത്ഥനയിൽ നിന്നുമായിരുന്നു ഇവർക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക്​ ആവശ്യമുള്ള തുകയുടെ 25 ശതമാനം തുക പോലും കണ്ടെത്താൻ ഈ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. അത്തരമൊരു ദുരവസ്ഥയിലും കയ്യിലുള്ള രൂപയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകാൻ അക്ഷയ തയ്യാറായി.
കേരളത്തെ വിഴുങ്ങുന്ന പ്രളയക്കെടുതിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ കേരളത്തെ സഹായിക്കണമെന്ന ഉദ്ദേശത്തോടെ അക്ഷയ മുന്നോട്ടുവന്നതെന്ന് അക്ഷയയുടെ അമ്മ ജ്യോതിമണി പറയുന്നു. അനുദിനം അക്ഷയയുടെ ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജ്യോതിമണി പറയുന്നു.
കുമാരപാളയം സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അക്ഷയ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.