scorecardresearch

വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഒരു മനഃശാസ്ത്ര കിറ്റ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പോകുന്നവരും വോളണ്ടിയര്‍മാരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പോകുന്നവരും വോളണ്ടിയര്‍മാരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

author-image
Shiju Joseph
New Update
kerala floods, shiju joseph

വീടിന്‍റെ അവസ്ഥ കാണുന്ന ആഘാതത്തിലും ക്യാമ്പിലെ പിന്തുണ പെട്ടെന്ന് നഷ്ടപ്പെട്ട് ഒറ്റയ്ക്കാകുന്നതു കൊണ്ടും പലര്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. ചെറിയൊരു തയ്യാറെടുപ്പ് നടത്തി, കഴിയുന്നത്ര യാഥാര്‍ത്ഥ്യബോധത്തോടെ പോകാന്‍ ശ്രമിച്ചാല്‍ ഈ ആഘാതവും സമ്മര്‍ദ്ദവും നല്ലൊരു പങ്കും ഒഴിവാക്കാന്‍ കഴിയും. അതിനുള്ള ചില വഴികളാണ് ഈ കുറിപ്പില്‍. ക്യാമ്പില്‍ നിന്ന് പോകുന്നവര്‍ക്കും ക്യാമ്പിലെ വോളണ്ടിയര്‍മാര്‍ക്കും ഉപകാരപ്പെട്ടേക്കും.

Advertisment

ആദ്യ ദിവസങ്ങളിലെ പരിഭ്രാന്തിക്കുശേഷം മിക്കവാറുമെല്ലാ ക്യാമ്പുകളിലും അന്തേവാസികൾ സുരക്ഷിതത്വവും ആശ്വാസവും അനുഭവിച്ചിരുന്നു. ആ അവസ്ഥയല്ല വീടുകളിലേക്ക് എത്തുമ്പോൾ. നമ്മൾ ഒറ്റയ്ക്കാണ്. പെട്ടെന്ന് പിന്തുണ നഷ്ടപ്പെട്ട തോന്നലുണ്ടാകും. ആത്മവിശ്വാസം ചോർന്നു പോയേക്കാം. മക്കൾക്ക് ചെറിയ വിഷമതകൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്. അതിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

1. നമ്മുടെ വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥ പഴയ പോലെ ആയേക്കില്ല എന്ന ധാരണയോടെ പോകാന്‍ തയ്യാറാവുക. മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും അനുഭവിച്ചവര്‍ക്ക് വീടിന്‍റെ അവസ്ഥയെക്കുറിച്ച് കുറച്ചൊക്കെ ധാരണ ഉണ്ടായേക്കും. എന്നാല്‍ വെള്ളപ്പൊക്കത്തിനിരയായവരുടെ സ്ഥിതി വ്യത്യസ്തമാണ്. മിക്കവരും അനുഭവിച്ചോ കേട്ടോ പരിചയമില്ലാത്ത സാഹചര്യമാണ് നേരിടേണ്ടിവരുക. വെള്ളം കയറിയിറങ്ങിപ്പോയതു മാത്രമല്ലല്ലോ, വീടും സാധനസാമഗ്രികളും നശിച്ചിട്ടുമുണ്ടാവും എന്ന ധാരണ വേണം.

2. നമ്മൾ മലയാളികൾ സാമ്പത്തികമായും വൈകാരികമായും ഏറ്റവുമധികം നിക്ഷേപിക്കുന്ന രണ്ടു കാര്യങ്ങൾ ആണ് വീടും വിദ്യാഭ്യാസവും. സ്വന്തം വീടും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും നശിച്ചു പോകുന്നതിന്‍റെ വേദന താങ്ങാൻ ആര്‍ക്കും എളുപ്പമല്ല. പക്ഷേ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യല്ലോ. അതിനു തയ്യാറെടുത്തുതന്നെ പോകാം. ഒപ്പം സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റൊക്കെ മിക്കവാറും ശരിയാക്കിയെടുക്കാമെന്നും വീട് സാവധാനമാണെങ്കിലും പുനരുദ്ധരിക്കാമെന്നും ഓര്‍മ്മിക്കുക.

Advertisment

3. വീട്ടിലേക്കു പോകുമ്പോള്‍ കുടുംബത്തിലെ മുതിർന്നവരും ആരോഗ്യമുള്ളവരുമായ അംഗങ്ങള്‍ ഒരുമിച്ചുപോകാന്‍ ശ്രമിക്കുക. ഒരേ പരിസരത്തുള്ള വീട്ടുകാർ ഒന്നിച്ചു പോകുന്നതു നന്നായിരിക്കും. എല്ലാവരും ഒരുമിച്ച് വീടുകൾ ഓരോന്നായി തുറക്കാം. വീട്ടില്‍ വേറെ ആരും ഇല്ലാത്തവരും കടുത്ത ദുരന്തം നേരിട്ടവരുമൊക്കെ നമുക്കിടയില്‍ ഉണ്ടാവുമല്ലോ. അവര്‍ തനിയെ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

4. വീട്ടിലേക്കു മടങ്ങുമ്പോള്‍ എടുക്കേണ്ട പ്രായോഗിക മുന്‍കരുതലുകളെക്കുറിച്ച് വിദഗ്ധർ ഇതിനോടകം നിർദ്ദേശിച്ചിട്ടുള്ള നടപടികൾ പിന്തുടരുക. സുരക്ഷിതത്വം ഉറപ്പാക്കുക.

5. പലർക്കും ശുചീകരണത്തിന് ദിവസങ്ങളെടുത്തേക്കും. പെട്ടെന്നു തീർന്നേക്കില്ല. അതുകൊണ്ട് ക്ലീനിങ്ങിന്‍റെ മുന്‍ഗണനാക്രമം തീരുമാനിക്കുക. ആദ്യം എന്ത്, രണ്ടാമതെന്ത് എന്നിങ്ങനെ കുടുംബാംഗങ്ങൾ സംസാരിച്ച് തീരുമാനിക്കുക.

ഓർമിക്കുക, പരസ്പരമുള്ള ആശയവിനിമയം ഏറ്റവും വേണ്ട സമയമാണിത്. സങ്കടവും ആരോടെന്നില്ലാതെ ദേഷ്യവും തോന്നിയേക്കും. മിണ്ടാതിരിക്കുന്നത് പരിഹാരമല്ല.

6. ഓടിട്ട വീടുകളുടെ പുനരുദ്ധാരണത്തിന് വലിയ പരിശ്രമം വേണ്ടിവരും. തകർന്ന വീടുകളിലുള്ളവർക്ക് ക്യാമ്പുകളിലേക്ക് തിരിച്ചുപോകാതെ വഴിയില്ല. അവിടെയുള്ളവരുമായി ഒത്തൊരുമിച്ചു നിൽക്കുക. വീടിന്‍റെ പുനരുദ്ധാരണത്തിനുള്ള വഴികൾ ആരായാം. വ്യക്തികളുടെയും സമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയും സഹായം പ്രതീക്ഷിക്കാം. അത്തരം സഹായങ്ങള്‍ ലഭ്യമാകുന്നതുവരെ പകൽസമയങ്ങളിൽ ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങളിലോ ശുചീകരണപ്രവര്‍ത്തനങ്ങളിലോ വ്യാപൃതരാവാൻ ശ്രമിക്കണം. സ്വന്തം ആരോഗ്യസ്ഥിതിക്കു പറ്റിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ നമ്മള്‍ ദുരന്തത്തിന്‍റെ ഓര്‍മ്മകളില്‍ കുടുങ്ങിപ്പോകും. ക്യാമ്പില്‍ നിന്നു പോകാന്‍ കഴിയാതിരിക്കുന്തോറും ആശങ്കയും അക്ഷമയും ഉണ്ടായേക്കും. പിടിച്ചു നില്‍ക്കണം.

7. അയൽക്കൂട്ടങ്ങളോ റെസിഡെന്‍റ്റ്സ് അസോസിയേഷനുകളോ ഒത്തുചേർന്ന് പ്ലാനിങ്ങും ക്ലീനിങ്ങും നടത്താം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരമാവധി സ്ഥലങ്ങളില്‍ ക്ലീനിംഗ് ശ്രമങ്ങളെ ഏകോപിപ്പിക്കുണ്ട്. (ചില സ്ഥലങ്ങളിൽ സമീപപ്രദേശങ്ങളില്‍ നിന്നുള്ള സന്നദ്ധസേവകര്‍ വരുന്നുണ്ട്.) അത്തരം സഹായങ്ങള്‍ എല്ലായിടത്തും ഒരേ വേഗത്തില്‍ ലഭ്യമായെന്നു വരില്ല. പലയിടങ്ങളിലും ആളുകള്‍ അതിനു കാത്തുനില്‍ക്കാതെ തന്നെ ക്ലീനിംഗ് തുടങ്ങുന്നുണ്ട്.

8. ചില ഗ്രാമങ്ങളിൽ യുവാക്കളും വീട്ടമ്മമാരുമൊക്കെ കൂട്ടം ചേർന്ന് ഓരോ വീടുകളായി ക്ലീൻ ചെയുന്നുണ്ട്. നല്ല മാതൃകയാണത്. പരിശ്രമം കുറയും, മാനസികഭാരവും കുറയും. മാനസികാന്തരീക്ഷം ഒട്ടൊക്കെ പ്രസന്നമാകും. പാട്ടും ഡാന്‍സും ഒത്തൊരുമയുമായി ക്യാമ്പുകളിലുണ്ടാക്കിയെടുത്ത പ്രസന്നത ചോരാതെ സൂക്ഷിച്ച അയല്‍ക്കൂട്ടങ്ങളുണ്ട്. അതേ ആവേശത്തോടെ തന്നെ തകർന്നുപോയ വീട് താമസയോഗ്യമാക്കിയെടുക്കാന്‍ അവരില്‍ ചിലര്‍ക്ക് കഴിഞ്ഞു. ഓര്‍മ്മിക്കുക, ഇനിയങ്ങോട്ട് നമ്മുടെ പ്രധാന ആശ്രയം ഒത്തൊരുമയും സഹകരണവുമാണ്.

9. ഈ സമയത്ത് നമ്മില്‍ ചിലര്‍ക്കെങ്കിലും ചില ശീലങ്ങളൊക്കെ മാറ്റേണ്ടി വരും. വീടു ശുചിയാക്കാനും ചെളി കോരിമാറ്റാനും അഴുക്കു നീക്കാനുമൊക്കെ സ്വയം ഇറങ്ങേണ്ടി വരും. പരിചയമില്ലാത്ത കാര്യങ്ങള്‍ പ്രതീക്ഷിച്ച വേഗത്തിൽ ചെയ്യാൻ കഴിയാതെ വരുമ്പോൾ നിരാശയും അമർഷവും ആത്മ വിശ്വാസക്കുറവും തോന്നാം. നിങ്ങളെക്കൊണ്ടുപറ്റുന്ന വേഗത്തിലും അളവിലും മതി പണികള്‍ എന്ന് കരുതി അവയെ മറികടക്കണം.

10. അടുക്കളയൊക്കെ പഴയ പൂർണതയിൽ ശുചിയാക്കാനൊന്നും പറ്റിയെന്നു വരില്ല. എത്ര ക്ലീന്‍ ചെയ്തിട്ടും ഇപ്പോഴും അഴുക്കാണെന്ന് പല വീട്ടമ്മമാര്‍ക്കും തോന്നിയേക്കാം. അസുഖമൊന്നും വരാത്തത്ര വൃത്തിയുണ്ടെന്ന് ഉറപ്പു വരുത്തുക; അത്രയേ പറ്റിയെന്നു വരൂ. തല്ക്കാലം കാര്യങ്ങൾ പറ്റുന്ന പോലെ നടക്കട്ടെ, അല്ലെങ്കിൽ നിരാശ കൂടിക്കൊണ്ടിരിക്കും.

11. ഭാവിയെക്കുറിച്ച് ഇപ്പോഴേ ആലോചിക്കണ്ട. ഇപ്പോള്‍ ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടിയെന്നു വരില്ല. ആദ്യം വീടുമായി ബന്ധപ്പെട്ട അടിയന്തിരാവശ്യങ്ങൾ ചെയ്തുതീർക്കാം. ഒരു സംസ്ഥാനം മുഴുവനും നമുക്കുവേണ്ടി ആലോചിക്കുന്നുണ്ട്. പതിയെയാണെങ്കിലും നമുക്ക് കാര്യങ്ങള്‍ മോശമല്ലാത്ത അവസ്ഥയിലെത്തിക്കാം.

12. ഇനി മുന്‍പോട്ടും ഇതേ കൂട്ടായ്മയുടെ ഊർജം ചോരാതെ സൂക്ഷിക്കുക. പ്രസന്നതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. ഒന്നിച്ച് പ്ലാൻ ചെയ്യുക, ഒന്നിച്ച് പ്രവര്‍ത്തിക്കുക.

13. ചിലര്‍ക്കെങ്കിലും കുറച്ചു ദിവസത്തേക്ക് ദുരന്താനുഭാവങ്ങളുടെ ഓര്‍മ്മ തുടര്‍ച്ചയായി വന്നേക്കാം. ഉറക്കക്കുറവും കടുത്ത ഉല്‍ക്കണ്ഠയും ഉണ്ടായേക്കാം. പരിഭ്രമിക്കാതിരിക്കുക. ദുരന്താനുഭാവങ്ങളില്‍ പെട്ടവര്‍ക്ക് അത്തരം മാനസിക വൈഷമ്യങ്ങൾ സ്വാഭാവികമാണ്. അവ ക്രമേണ കുറഞ്ഞുവരും. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ടു മൂന്ന്‍ ആഴ്ച കഴിഞ്ഞിട്ടും അവ മാറുന്നില്ലെങ്കില്‍ നിങ്ങളുടെ പരിസരത്ത് ലഭ്യമായ മന:ശാസ്ത്ര, കൗൺസിലിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ മടിക്കരുത്. മാനസിക വൈഷമ്യങ്ങൾ ദൗർബല്യത്തിന്‍റെ ലക്ഷണമല്ല. ഇത്ര വലിയൊരു പ്രതിസന്ധിയിൽ ആരും തളരും. തളരുമ്പോൾ സഹായം തേടുന്നത് ദൗർബല്യമല്ല; യാഥാർത്ഥ്യബോധത്തിന്‍റെ ലക്ഷണമാണ് സഹായാഭ്യർത്ഥന.

14. അടിയന്തിര ഘട്ടങ്ങളിൽ സഹായം വേണമെന്നു തോന്നിയാല്‍, കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിയാൽ, സഹായം തേടാൻ മടിക്കരുത്. ഒരു പിന്തുണ ലഭിക്കുന്നത് മനസ്സിന് കൂടുതല്‍ തെളിച്ചം തരും. വിളിച്ചു സംസാരിക്കാന്‍ നിരവധി ഹെൽപ് ലൈനുകൾ ലഭ്യമാണ്. അവയില്‍ ആധികാരികമായവ നിങ്ങളുടെ ക്യാമ്പിലെ സന്നദ്ധപ്രവർത്തകരോ ആരോഗ്യപ്രവർത്തകരോ നിർദ്ദേശിക്കും. ഫോണ്‍ വിളിക്കാനുള്ള സൌകര്യമുണ്ടെങ്കില്‍ ആ ഹെല്‍പ് ലൈനുകള്‍ ഉപയോഗപ്പെടുത്തണം. സർക്കാർ സംവിധാനമായ ദിശ 24 x 7 ടെലി കൗൺസിലിംഗ് ഹെൽപ്പ് ലൈൻ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ ആണ്- 04712552056 അല്ലെങ്കില്‍ 1056. കൂടാതെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടന, മന:ശാസ്ത്രജ്ഞരുടെ കൂട്ടായ്മകള്‍, സോഷ്യല്‍ വര്‍ക്കര്‍മാരുടെ സംഘടന ഇവയൊക്കെയും ചില സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ നേരിട്ടും ടെലിഫോണ്‍ മുഖേനയും സന്നദ്ധസഹായം നല്കുന്നുണ്ട്.

ഒരു കാര്യം എടുത്തു പറയട്ടെ. പ്രതിസന്ധികളിൽനിന്ന് പിടിച്ചുകയറാൻ സ്വാഭാവികമായ ശേഷിയുള്ളവരാണ് പൊതുവിൽ മനുഷ്യർ. അതുകൊണ്ടു തന്നെയാണ് നമ്മൾ ഈ ഭൂമിയിൽ അതിജീവിക്കുന്നത്. ചില പ്രതിസന്ധികളെ നേരിടുമ്പോൾ നമ്മുടെ അതിജീവനശേഷി തെളിഞ്ഞുവരും, നമ്മള്‍ കരുത്താർജ്ജിക്കും. ദിവസങ്ങൾ നീണ്ട ദുരിതാനുഭവങ്ങൾ നമ്മുടെ ശാരീരികവും മാനസികവുമായ ഊർജ്ജത്തെ കുറച്ചിട്ടുണ്ടാവാം. അതു തിരിച്ചുപിടിക്കാനും വീണ്ടും ചോരാതെ നോക്കാനും നമുക്ക് കഴിയും. പരിഭ്രമം വേണ്ട; പരിശ്രമമാണ് വേണ്ടത്. നമ്മളാല്‍ കഴിയും വിധം.

*നമ്മൾ അതിജീവിക്കും*

ഇത്രയും കാര്യങ്ങളില്‍ പ്രസക്തമെന്നു തോന്നുന്നവ വീട്ടിലേക്കു മടങ്ങുന്നവരോട് പറയാന്‍ ക്യാമ്പിലെ വൊളണ്ടിയര്‍മാര്‍ക്ക് ശ്രമിക്കാവുന്നതാണ്‌. ഈ വിവരങ്ങള്‍ അവരോട് ശാന്തമായി പറയുക. മുന്നറിയിപ്പ് എന്ന രീതിയിലോ ആശങ്കപ്പെടുത്തുന്ന രീതിയിലോ സംസാരിക്കരുത്. മുന്‍കരുതലിന്‍റെയും ഓര്‍മ്മപ്പെടുത്തലിന്‍റെയും രീതിയില്‍ വേണം സംസാരിക്കാന്‍. മന:ശാസ്ത്ര സഹായത്തിന് ക്യാംപില്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരെ അതിനായി നിയോഗിക്കുക.

വിവരങ്ങൾക്ക് നന്ദി: Johns K Lukose, Maya Menon, Hari Vijay
 അസി. പ്രൊഫസര്‍ സൈക്കോളജിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ്  ലേഖകന്‍
Kerala Floods Mental Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: