കൊച്ചി: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ കേരളം ഒന്നടങ്കം പ്രളയത്തിൽ അകപ്പെട്ടുപോയതാണ്. വെളളം കയറിയതും കുത്തൊഴുക്കിൽ തകർന്നുപോയതുമായ ഓരോ വീട്ടിലും എല്ലാം ഒന്നിൽ നിന്ന് വീണ്ടും തുടങ്ങണമെന്നതാണ് സ്ഥിതി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളും യൂണിഫോമും അടക്കം എല്ലാം നഷ്ടപ്പെട്ടതാണ്. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിക്കുന്നത് വരെ പ്രശ്ന പരിഹാരത്തിനായി കാത്തിരിക്കില്ലെന്നാണ് സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്.

വെളളപ്പൊക്കത്തിലും പ്രളയത്തിലും സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എന്ത് ചെയ്യണം?

പ്രളയത്തിലും വെളളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ഉപരിപഠനത്തെയോർത്ത് ആകുലപ്പെടേണ്ടതില്ല. സെപ്റ്റംബർ മൂന്നിന് മുൻപ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ഇക്കാര്യം അവരുടെ സ്‌കൂളിൽ അറിയിക്കുക. സ്കൂളുകളിൽ ഈ വിദ്യാർത്ഥികളുടെ പേര് റജിസ്റ്റർ ചെയ്യും. പുതിയ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ  പരീക്ഷാഭവനിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസിലും പ്രത്യേക സെൽ രൂപീകരിക്കും.

പുതിയ പാഠപുസ്‌തകങ്ങൾ ഉടൻ

പ്രളയത്തിൽ വെളളം കയറി എല്ലാ വീടുകളിലും സ്കൂൾ വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ഉടൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇത്തരത്തിൽ പാഠപുസ്‌തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ഇക്കാര്യം അതത് സ്കൂളിലെ അദ്ധ്യാപകരെ അറിയിക്കണം. നഷ്ടപ്പെട്ട ഒന്നാം വാല്യം പാഠപുസ്‌തകങ്ങൾ രണ്ടാം വാല്യത്തിനൊപ്പം തന്നെ സെപ്റ്റംബർ മൂന്ന് മുതൽ വിതരണം ചെയ്യുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നത്.

പുതുപുത്തൻ യൂണിഫോം ലഭിക്കും, പേടിക്കേണ്ട

കനത്ത വെളളപ്പൊക്കത്തിൽ വീടുകളിൽ വെളളം കയറി വസ്ത്രങ്ങൾ നഷ്ടപ്പെട്ടവരാണ് ദുരിതബാധിത ക്യാംപുകളിൽ കഴിയുന്നവരെല്ലാം. ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാതെ വീട് വിട്ടോടിയവരാണ് അധികവും. എന്നാൽ കൈത്തറി ഡയറക്ടറേറ്റ് മുഖേന വിദ്യാർത്ഥികൾക്ക് പുതിയ യൂണിഫോം സൗജന്യമായി തന്നെ വിതരണം ചെയ്യും. ഇതിനായി ഓഗസ്റ്റ് 31 ന് മുൻപ് വിദ്യാർത്ഥികൾ അവരവരുടെ സ്കൂളിൽ പേര് റജിസ്റ്റർ ചെയ്യണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ