തിരുവനന്തപുരം: സംസ്ഥാനത്ത് 483 പേരുടെ മരണത്തിനും 25000 കോടിയിലേറെ രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രളയത്തിന് ശേഷം കേരളം പുനർനിർമ്മിക്കാൻ സഹായം തേടി സംസ്ഥാന മന്ത്രിമാർ വിദേശരാജ്യങ്ങളിലേക്ക് പോകും. ഇതിനായി മന്ത്രിമാരുടെയും മുതിർന്ന ഗവ. സെക്രട്ടറിമാരുടെയും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

മലയാളികൾ ധാരാളമുളള യുഎഇ, ഒമാൻ, ബെഹ്റിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിങ്കപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, യുകെ, ജർമ്മനി, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി സാമ്പത്തിക സഹായം തേടാൻ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം തേടാനും, വിദേശരാജ്യങ്ങളുടെയും ഏജൻസികളുടെയും ധനസഹായം തേടാനുമാണ് ശ്രമം. ഓരോ മന്ത്രിയും പോകേണ്ട വിദേശ രാജ്യങ്ങളുടെ പട്ടിക അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ശബരിമല പമ്പയിൽ തകർന്നുപോയ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിർമ്മിക്കാൻ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നവംബർ 17 ന് മണ്ഡല മകരവിളക്ക് തുടങ്ങും മുൻപ് പണികൾ പൂർത്തീകരിക്കാനാണ് ശ്രമം. ഇതിന്റെ മേൽനോട്ട ചുമതല ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷനായ ഉന്നതസമിതിക്ക് നൽകി.

ജില്ലകൾ കേന്ദ്രീകരിച്ച് ജനങ്ങളിൽ നിന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നിന്ന് ധനസമാഹരണം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. പ്രളയബാധിതമായ ജില്ലകളടക്കം സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രമുഖരുടെയും സാമ്പത്തിക സഹായം ലഭ്യമാക്കും. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർത്ഥികളുടെ പക്കൽ നിന്നും പണം സമാഹരിക്കും. വീടുകൾക്കും കടകൾക്കുമുണ്ടായ കേടുപാടുകൾ സംബന്ധിച്ച് ഡിജിറ്റൽ വിവര ശേഖരണത്തിന് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പലിശ സർക്കാർ വഹിക്കും. വ്യാപാരസ്ഥാപനങ്ങൾ അടക്കമുളള ജീവനോപാധികൾ നഷ്ടമായവർക്ക് സർക്കാർ ഗാരന്റിയിൽ 10 ലക്ഷം വായ്പ നൽകും.

നെതർലൻഡ് ആസ്ഥാനമായ കെപിഎംജി കൺസൽട്ടിങ് ഏജൻസിയെ പുനനിർമാണത്തിന്റെ സാധ്യതാപഠനത്തിന് നിയോഗിക്കാൻ തീരുമാനിച്ചു. ഓരോ മേഖലയ്ക്കും പ്രത്യേകമായി പദ്ധതികൾ നിർദ്ദേശിക്കുമെങ്കിലും കെപിഎംജി കൺസൾട്ടിങ് കമ്പനി ഇതിന് ഫീസ് ഈടാക്കില്ല.

സംസ്ഥാനത്ത് 981 വില്ലേജുകളിലായി 55 ലക്ഷം പേരാണ് ദുരന്തത്തിന് ഇരയായത്. 483 പേർ മരിച്ചപ്പോൾ കാണാതായ 14 പേരെ ഇതുവരെ കണ്ടെത്താനായില്ല. 3,91,494 കുടുംബങ്ങളിൽ നിന്നായി 14,50,707 പേരെ 3,879 ദുരിതാശ്വാസ ക്യാംപുകളിൽ പാർപ്പിച്ചു. 140 പേർക്കു ഗുരുതരമായി പരുക്കേറ്റു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.