കൊച്ചി: പ്രളയം പിടിച്ചുലച്ച സംസ്ഥാനത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ലോട്ടറി ആരംഭിക്കുന്നു. സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലോട്ടറി ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഇതോടൊപ്പം ഏറെ പ്രധാനപ്പെട്ട മറ്റ് ചില തീരുമാനങ്ങളും സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. പാലക്കാട് നെന്മാറ അളവുശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ട അഖിലയുടെ (24 വയസ്സ്) ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിക്കും

സംസ്ഥാന ജിഎസ്ടി തുകയ്ക്ക് മുകളിൽ  അധിക വിഭവ സമാഹരണത്തിനുളള നടപടികളുടെ ഭാഗമായി   10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് കേരളം ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഫണ്ടിന് പുറമെ  ഇതരസംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും  നല്‍കുന്ന സാധനസാമഗ്രികള്‍ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കാനും അവ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പൊതുചടങ്ങില്‍ ആദരിക്കുമ്പോള്‍ അവര്‍ക്ക് എസ്ഡിഎംഎയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് പുറമെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സായുധ സേനാംഗങ്ങളെ പൊതുചടങ്ങിൽ ആദരിക്കാനും തീരുമാനിച്ചു.

പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എസ്ഡിഎംഎയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും.   പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കും.

കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന ഡോ. എ.ജയതിലകിനെ കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ