തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസിലുളളതും വിരമിച്ചവരുമായ വിദ‌ഗ്‌ധരെയും സാങ്കേതിക വിദഗ്‌ധരെയും സമിതിയിൽ ഉൾപ്പെടുത്തും. പ്രളയ ദുരിതാശ്വാസ പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിയാത്മക സമീപനം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതു മേൽനോട്ടത്തിനു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രളയ ദുരിത മേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്നു മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകും. പദ്ധതികളുടെ ഏകോപനം ആസൂത്രണ ബോർഡിന് നൽകിയതായും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പുനർനിർമ്മാണത്തിനുളള പദ്ധതികൾ സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകളുടെ പദ്ധതികൾ 10 ദിവസത്തിനകം നൽകാനാണ് നിർദേശം. പ്രളയത്തോടെ സ്തംഭിച്ചുപോയ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ പുനരാരംഭിക്കും. ദേശീയപാത വികസനം, സിറ്റി ഗ്യാസ് പ്രോജക്ട് എന്നിവയുടെ പ്രവർത്തനങ്ങളും തുടങ്ങും. കൂടംകുളം വൈദ്യുതിലൈൻ പുനരാംരഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ ഒന്നിനകം നപടി തുടങ്ങാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് സർക്കാർ ജോലി നൽകും. ജോലിക്കൊപ്പം പാരിതോഷികവും നൽകും. സ്വർണ മെഡൽ നേടിയവർക്ക് 20 ലക്ഷവും വെളളി നേടിയവർക്ക് 15 ലക്ഷം രൂപയും നൽകും. നമ്പി നാരായണന് 50 ലക്ഷം രൂപ നൽകും. ചാരക്കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കും ക്ഷീര കാർഷിക വായ്പകൾക്കും വിദ്യാഭ്യാസ വായ്പകൾക്കു ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ