തിരുവനന്തപുരം: പ്രളയം പിടിച്ചുകുലുക്കിയ കേരളത്തെ വീണിടത്ത് നിന്ന് നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരൂക്ഷമായ പ്രതിപക്ഷ വിമർശനങ്ങളെ ഒന്നടങ്കം നിഷേധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നെന്ന വിമർശനങ്ങൾക്ക് വൈദ്യുതി മന്ത്രി എം.എം.മണിയെ മറുപടി പറയാൻ വിടാതെ മുഖ്യമന്ത്രി തന്നെ മറുപടി നൽകി. റവന്യു വകുപ്പിനെയും, ജലവിഭവ വകുപ്പിനെയും വൈദ്യുതി വകുപ്പിനെയും പൂർണ്ണമായി പിന്തുണച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ ഇനി കൊലയ്ക്ക് കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഈ തീരുമാനം വിശദീകരിച്ച് പറഞ്ഞു. അതേസമയം അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന വാദങ്ങൾ അദ്ദേഹം തളളി.

പ്രളയക്കെടുതി നേരിടുന്നതിൽ കേരളം വിജയം നേടിയത് ജനങ്ങളുടെ ഒത്തൊരുമിച്ചുളള പരിശ്രമത്തിന്റെ വിജയമാണ്. അക്കാര്യത്തിൽ ആർക്കും സംശയമില്ല. ദുരന്തനിവാരണത്തിനുളള സംവിധാനത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും. ഇതിന് വ്യത്യസ്ത മേഖലകളിൽ വിദഗ്‌ധരായവരെ കണ്ടെത്തും. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലും അതിനു സാധ്യതയുള്ള സ്ഥലങ്ങളിലും ആള്‍താമസം അനുവദിക്കേണ്ടതുണ്ടോ എന്ന് നാം പരിശോധിക്കണം. വിശദമായ അന്വേഷണത്തിനും പഠനത്തിനും ശേഷമേ അതിലൊരു തീരുമാനമെടുക്കാന്‍ സാധിക്കൂ. പുനരധിവാസ നടപടികള്‍ക്ക് രാജ്യാന്തര വിദഗ്‌ധരുടെ ഉപദേശം തേടണമെന്ന നിർദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രത്യേക നിയമസഭ സമ്മേളനത്തിൽ കേരളത്തിന്റെ പുനർ നിർമ്മാണം എങ്ങിനെ വേണമെന്ന കാര്യത്തിൽ കാര്യമായ നിർദ്ദേശങ്ങളുണ്ടാവാത്തത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പുനർനിർമ്മാണത്തിന്റെ പ്രമേയം സഭ ഒറ്റക്കെട്ടായി അംഗീകരിച്ചു.

ഉരുൾപൊട്ടൽ സാധ്യതയുളള ഇടങ്ങളിൽ കൃഷി നടത്തുന്നതിനോട് സർക്കാരിന് വിയോജിപ്പില്ല. കൃഷിനാശം പോലെ ആൾനാശം പരിഹരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾക്ക് വേണ്ടി എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാണാസുരസാഗർ അണക്കെട്ട് തുറന്ന് വിട്ടതിൽ വീഴ്ച വന്നിട്ടില്ല. കൽപ്പറ്റയിൽ വെളളം കയറിയത് ശക്തമായ മഴ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലവർഷക്കെടുതിയുടെ അനുഭവം പഠിച്ച് സർക്കാർ നിലവിലെ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിരക്ഷാസേനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ എത്തിക്കും. അഗ്നിരക്ഷാസേനയുടെ കീഴില്‍ ഒരു റെസ്ക്യൂ വോളന്റിയര്‍ സ്കീം വിപുലീകരിക്കും.

മത്സ്യത്തൊഴിലാളികളില്‍ നിന്നും മികച്ച ചെറുപ്പക്കാരെ കണ്ടെത്തി തീരരക്ഷാസേനയുടെ ഭാഗമാക്കി നിയമിക്കും. ഇതിനായി ഇരുന്നൂറ് പേര്ര ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത് നിയമിക്കും. ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook