തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെയാണ് സമ്മേളനം. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് പ്രസ്താവന അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച നടക്കുക.

കൂടാതെ മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയ്, ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എംഎല്‍എമാരായ ചെര്‍ക്കളം അബ്ദുള്ള, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് സമ്മേളനം അന്തിമോപചാരം അര്‍പ്പിക്കും.

പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ പ്രകൃതി ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ എംഎല്‍എമാരും സംസാരിക്കും. പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായങ്ങളോടു യോജിച്ചും വിയോജിച്ചുമുള്ള നിലപാടുകളും സഭാതലത്തില്‍ ഉയരും. വരും ദിവസങ്ങളിലും മാസങ്ങളിലും നടത്താനുദ്ദേശിക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പ്രതീക്ഷിക്കുന്ന കേന്ദ്രസഹായം, വിദേശ സഹായം സംബന്ധിച്ച വിവാദങ്ങള്‍ എന്നിവയെല്ലാം പരാമര്‍ശിക്കുന്നതായിരിക്കും സഭ പാസാക്കുന്ന പ്രമേയം.

അതേസമയം, അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നുവെന്നും പ്രളയ മുന്നറിയിപ്പുകള്‍ വൈകിയെന്നുമുള്ള വിമര്‍ശനം പ്രതിപക്ഷത്തില്‍ നിന്നും ഉയര്‍ന്നേക്കാം. ദുരന്തബാധിതര്‍ക്കു സഹായം നല്‍കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനു സ്വീകാര്യതയും ലഭിക്കാന്‍ തന്നെയാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook