scorecardresearch

കേരളത്തിലെ പ്രളയം 'അയ്യപ്പകോപം'; ആര്‍എസ്എസ് ചിന്തകനെ 'ഓടിച്ചിട്ട് അടിച്ച്' തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്

"നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു''

"നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു''

author-image
WebDesk
New Update
ശബരിമല വിഷയത്തിലെ പ്രതികരണത്തെ കളിയാക്കിയ 'കുലോത്തുംഗ'നെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നടന്‍ സിദ്ധാര്‍ഥ്

കേരളത്തിലെ പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച ആർഎസ്എസ് ചിന്തകന് ചുട്ട മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സിദ്ധാർഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോർഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ വിവാദ പരാമര്‍ശം. കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനം വേണമെന്ന വാദമാണെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.

Advertisment

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ഗുരുമൂര്‍ത്തി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ഉദ്ദേശിച്ചത് അതല്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് തന്റെ ആര്‍ബിഐ ബോര്‍ഡ് അംഗത്വവുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 17-ാം തീയതിയിലായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്. കേരളത്തിലെ വെള്ളപ്പൊക്കവും ശബരിമല കേസും ബന്ധപ്പെടുത്തിയാണ് ഗുരുമൂര്‍ത്തിയുടെ ട്വീറ്റ് ആരംഭിക്കുന്നത്.

"ഇരുപത്തിയാറാം വയസ്സില്‍ ഗോയങ്കയുമായി ചേര്‍ന്ന്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ ആളാണ്‌ ഞാന്‍. എന്നെ ഇപ്പോള്‍ അധിക്ഷേപിക്കുന്നവരില്‍ പലരും അന്ന് ജനിച്ചിട്ട്‌ പോലുമില്ല. പിന്നീട് ഒരു രേഖയില്‍ കൃത്രിമം കാണിച്ച് എന്നെ അറസ്റ്റ് ചെയ്യിക്കുന്നത് അംബാനിയാണ്. അത് കഴിഞ്ഞാണ് ബോഫോഴ്സ് കേസും രാഷ്ട്രീയ അഴിമതിയുമടക്കം പലതും നടക്കുന്നത്. ലിബറലുകളും കപട മതേതരവാദികളും എന്നെ എതിര്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു " എന്നായിരുന്നു ഗുരുമൂർത്തിയുടെ ട്വീറ്റ്.

Advertisment

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. "നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു. യാതൊരു ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നതായുള്ള നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വിഡ്ഢിയാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്''.

ശബരിമലയില്‍ സംഭവിക്കുന്നതുമായി ഇതിനുള്ള ബന്ധം എന്തെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരിശോധിക്കേണ്ടിയിരിക്കും. ദശലക്ഷത്തില്‍ ഒരവസരമാണ് ഉള്ളത് എങ്കിലും കേസില്‍ അയ്യപ്പനെതിരെ വിധി വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കില്ല എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ മറ്റൊരു ട്വീറ്റ്. ഇതിനും സിദ്ധാര്‍ഥ് മറുപടി നല്‍കി.

"ദശലക്ഷത്തില്‍ ഒരവസരം ഉണ്ടാകാനാകില്ല. ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരാം. ദൈവം പകപോക്കുകയല്ല എന്ന് വിശ്വാസികള്‍ക്ക് അറിയാം. അവിശ്വാസികളുടെ വിശ്വാസം ദൈവം ഇല്ല എന്നുമാണ്. നിങ്ങളുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും വിദ്വേഷം നിറഞ്ഞതും ആണെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ പ്രളയം ഒരു ദേശീയ ദുരന്തമാണ്. അല്‍പമെങ്കിലും പരിഗണന?" തെന്നിന്ത്യന്‍ താരം ട്വീറ്റ് ചെയ്തു.

നിങ്ങള്‍ എന്ത് ലഹരിയിലാണ് എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യം? " കുറച്ച് യുക്തി ചിന്ത, സഹാനുഭൂതി, സത്യം. അത് ശ്രമിച്ചു നോക്കൂ" സിദ്ധാര്‍ഥ് മറുപടി നല്‍കി.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ആവശ്യപ്പെട്ടുകൊണ്ടാണ് താരം ട്വീറ്റ് നിര്‍ത്തുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ നല്‍കിയിരുന്നു സിദ്ധാര്‍ഥ്. 2015ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആളാണ് സിദ്ധാര്‍ഥ്. മഹാമാരിയില്‍ ഉലയുന്ന കേരളത്തെ തികഞ്ഞ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും വീക്ഷിച്ചിരുന്ന സിദ്ധാര്‍ഥ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ''എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം''.

'ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണ് ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്'', സിദ്ധാര്‍ഥ് കുറിപ്പില്‍ പറഞ്ഞു.

എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ ആവും വിധം സഹായം എത്തിക്കണം എന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നു എന്നും യുവ നടന്‍ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വരണം എന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: