തിരുവനന്തപുരം : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ സഹായം നല്‍കാന്‍ യുഎന്‍ തയ്യാറാണെന്ന്‍ ശശി തരൂര്‍. എന്നാല്‍ സഹായം സ്വീകരിക്കേണ്ട കാര്യത്തില്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെതാണ് എന്നും തിരുവനന്തപുരം എംപി പറഞ്ഞു.

ഇന്ത്യ സ്വീകരിക്കുമെങ്കില്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കാന്‍ യുഎന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശശി തരൂർ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് എത്തി അവരുടെ പ്രതിനിധികളുമായി കേരളത്തിലെ വിഷയം ചർച്ച ചെയ്തിരുന്നു. യുഎൻ അണ്ടർ സെക്രട്ടറി ജനറലായ മൈക്കൽ മില‌ർ, പീറ്റർ സാൽമ, ഡോ. സൗമ്യ സ്വാമിനാഥൻ, റെഡ്ക്രോസിലെ പീറ്റർ മൗറർ എന്നിവരുമായാണ് കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് ശശി തരൂർ ചർച്ച നടത്തിയത്.

വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനപ്രശ്നം ആക്കേണ്ട കാര്യമില്ല എന്ന് തരൂര്‍ പറഞ്ഞു. പ്രളയത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണം എന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കേരളത്തിന് അര്‍ഹമായതു കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ല എന്ന ആശങ്കയും ശശി തരൂര്‍ മനോരമാ ന്യൂസിനോട്‌ പങ്കുവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.