തൃശൂര്‍: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്‌കൂളുകൾ ഈ മാസം 29 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്രളയ ബാധിതരെ അധിവസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളും 29 ന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ അദ്ധ്യയന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. അതേസമയം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂനിഫോമും ഈ ആഗസ്റ്റ് 31 ന് മുൻപ് നൽകാനാവുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രളയബാധിതർ തങ്ങുന്ന ദുരിതാശ്വാസ ക്യാംപുകൾ സ്‌കൂളുകളിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ അവലോകന യോഗത്തിൽ നിർദ്ദേശം നൽകി. ഇതിന് ആവശ്യമെങ്കിൽ സ്വകാര്യ കെട്ടിടങ്ങൾ കണ്ടെത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് ഈ അദ്ധ്യയന വർഷം തുടക്കം മുതലേ സ്കൂളുകൾക്ക് അവധി തുടർച്ചയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കനത്ത മഴ പിന്നീട് പ്രളയമായി മാറിയതോടെ സംസ്ഥാനത്തങ്ങോളമിങ്ങോളം വിദ്യാർത്ഥികൾക്ക് അദ്ധ്യയനം നഷ്ടമായി.

ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456 പേരാണ് ക്യാമ്പുകളിലുള്ളത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണമെന്നും നിർദ്ദേശിച്ചു. ഈ മാസം 29 നാണ് ഓണ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.