/indian-express-malayalam/media/media_files/uploads/2018/08/teachers-1GBLPS-Moothakunnam.jpeg)
വിദ്യാഭ്യാസ വകുപ്പ് അധ്യാപകരും ജീവനക്കാരും പറവൂർ മൂത്തകുന്നം എൽ.പി.ബി സ്കൂൾ ശുചീകരണത്തിനിടയിൽ
കൊച്ചി: സംസ്ഥാനത്തെ തകര്‍ന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയം പല സ്‌കൂളുകളിലും ബാക്കി വച്ചത് ചെളിയും ചേറും കുറെ നഷ്ടങ്ങളുമാണ്. വില പിടിപ്പുള്ള പല രേഖകളും നശിച്ചു. എന്നിരുന്നാലും പുതിയ അദ്ധ്യയന ദിനത്തില്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തിച്ചേരുമ്പോള്‍ അത് വൃത്തിയാക്കി അവരുടെ കൈകളിലേല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു അധ്യാപകര്‍.
പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച എറണാകുളം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും മാലിന്യ മുക്തമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും സര്‍വ ശിക്ഷ അഭിയാനും ഒരുമിച്ചിറങ്ങുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ അയ്യായിരത്തിലധികം അധ്യാപകരാണ് പങ്കെടുത്തത്. അവര്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പിലെയും എസ്.എസ്.എയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബഞ്ചുകള്‍, ഡസ്‌കുകള്‍, ബോര്‍ഡുകള്‍ എന്നിവയൊക്കെ ചെളിയും ചേറും നിറഞ്ഞ് കിടക്കുന്ന കാഴ്ചയായിരുന്നു ഓരോ വിദ്യാലയങ്ങളിലും. സ്‌കൂള്‍ മുറ്റമൊക്കെ മുട്ടോളം ചെളി നിറഞ്ഞ് കിടക്കുകയായിരുന്നു.
/indian-express-malayalam/media/media_files/uploads/2018/08/teachers-cleaning-teachers.jpg)
ശുചി മുറികളെല്ലാം വീണ്ടും ഉപയോഗപ്രദമാക്കുവാന്‍ ഏറെ പാടുപെടേണ്ടി വന്നു. ഉച്ച ഭക്ഷണ പദ്ധതിക്കായി വിദ്യാലയങ്ങളില്‍ കരുതിവച്ചിരുന്ന അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളും വെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചു. വിദ്യാലയങ്ങളുടെ ശുചീകരണത്തോടൊപ്പം പരിസര ശുചീകരണത്തിനും അധ്യാപകര്‍ മുന്‍തൂക്കം നല്‍കി. പറവൂരില്‍ മുപ്പത്തിരണ്ടും, ആലുവയില്‍ പതിനേഴും എറണാകുളത്ത് അഞ്ചും അങ്കമാലിയില്‍ ആറും ഉള്‍പ്പെടെ അറുപത് വിദ്യലയങ്ങളാണ് രണ്ട് ദിവസത്തിനിടെ അധ്യാപകര്‍ വൃത്തിയാക്കിയത്.
കാക്കനാട് നടന്ന ജില്ലാതല ആസൂത്രണ യോഗത്തിലാണ് പ്രളയത്തിനിരയായ വിദ്യാലയങ്ങള്‍ ശുചീകരിക്കുക എന്ന പദ്ധതി നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എ യും തീരുമാനിച്ചത്. ആലുവ, പറവൂര്‍ ഉപജില്ലകള്‍ ഒഴികെയുള്ള പന്ത്രണ്ട് ഉപജില്ലകളിലെ അധ്യാപകരും ജീവനക്കാരുമാണ് ശുചീകരണത്തില്‍ പങ്കെടുത്തത്. വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ ഓഫീസര്‍മാര്‍, ജീവനക്കാര്‍, എന്നിവരെല്ലാം തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എ.ഡി.പി.ഐ. ജസി, ഡി.ഡി.ഇ സി.എ.സന്തോഷ്, ഡി.പി.ഒ. സജോയ് ജോര്‍ജ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓര്‍ഡിനേറ്റര്‍ കെ.ജി.ബാസ്റ്റിന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിത മേഖലയിലെ കുട്ടികള്‍ക്ക് ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാനസിക പിന്തുണയും അക്കാദമിക പിന്തുണനയും നല്‍കി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധ്യമായ എല്ലാ സഹായവും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ഡി.പി.ഒ. സജോയ് ജോര്‍ജ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.