/indian-express-malayalam/media/media_files/uploads/2018/08/saji-cherain-2.jpg)
Kerala Floods Saji Cherian Chengannur MLA visits flood hit areas reassures victims
Kerala Floods: ചെങ്ങന്നൂരിലെ എടനാട് ജൂനിയർ ബെയ്സിക് സ്കൂളിലെത്തിയ സജി ചെറിയാൻ എംഎൽഎയുടെ ചുറ്റുമെത്തിയവർ പ്രളയമെടുത്ത ദുരന്തത്തിന്റെ വിഷമതകളും നഷ്ടങ്ങളും പങ്കുവച്ചു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പരാതി പറയുമ്പോഴും കരയുമ്പോഴും അവരുടെ വാക്കുകളിൽ സജി ചെറിയാനിലുളള ഊട്ടിയുറപ്പിച്ച വിശ്വാസം.
"വേറൊന്നും വേണ്ട സഖാവേ ഞങ്ങളെ കൈവിടാതിരുന്നാൽ മതി" എന്ന് സജി ചെറിയാന്റെ കൈപിടിച്ച് ഒരമ്മ പറയുന്നു. അവരെ ചേർത്ത് പിടിച്ച് ആ കരച്ചിലിനെ ഏറ്റെടുത്ത് സമാധാനിപ്പിക്കുകയാണ് എംഎൽഎ. നാട്ടിലെ എംഎൽഎ എന്ന നിലയിൽ സജി ചെറിയാൻ എത്രത്തോളം ആ നാടിന്റെ ഭാഗമായി മാറി എന്നറിയാൻ ഈ ദുരന്ത മേഖലയിലെ ചിത്രം മതി.
/indian-express-malayalam/media/media_files/uploads/2018/08/saji-cherian-1.jpg)
ചെങ്ങന്നൂരിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ അടുത്ത് ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. വസ്തുവകകളുടെ റെക്കോർഡുകൾ ഉൾപ്പെടെ എല്ലാ രേഖകളും നഷ്ടമായവരാണ് ഈ പ്രദേശത്തുകാർ, ഇവരുടെ ജീവിതം തിരിച്ചു പിടിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുമെന്ന് സജി ചെറിയാൻ പറഞ്ഞു.
"ആ നിമിഷം എടനാടിലെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞു പോയതാണ്. ഒരടി കൂടെ വെളളം ഉയർന്നിരുന്നുവെങ്കിൽ അവിടെ ഒരാൾ പോലും ജീവനോടെ അവശേഷിക്കുമായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഞാൻ കരഞ്ഞത്", ആ കരച്ചിലിൽ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നവരുടെ മുന്നിലാണ് സജി ആ ദിവസത്തെ, ആ നിമിഷത്തെ ഓർത്തെടുത്തത്.
ചെങ്ങന്നൂരിൽ പ്രളയബാധയെ തുടർന്ന് ഏറ്റവും കുറഞ്ഞത് 500 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷം വീടുകളെയും പ്രളയം നശിപ്പിച്ചു. പൂർണ്ണമായോ ഭാഗികമായോ കേടുപാടുകളുണ്ടാക്കി. മണ്ഡലത്തിൽ പത്ത് പേർക്കാണ് ജീവഹാനി ഉണ്ടായത്. അതിൽ രണ്ട് രക്ഷാപ്രവർത്തകരുമുണ്ട്, സജി ചെറിയാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us