കൊച്ചി: “പ്രളയത്തിൽ പമ്പയിൽ ബാക്കിയായത് എന്തൊക്കെ എന്ന് ചോദിക്കാവുന്നതാവും നല്ലത്,” അതായിരുന്നു ശബരിമല ദേവസ്വം ചീഫ്  എഞ്ചിനീയറുടെ മറുപടി. ശബരിമലയുടെ ബേസ് സ്റ്റേഷനായ പമ്പയിൽ ഉണ്ടായ നഷ്ടത്തെ കുറിച്ചായിരുന്നു ചോദ്യം. ഒരു കൈയ്യിലെ വിരലുകളിൽ തികച്ചെണ്ണാനുളളത് പോലും പമ്പയാറിന്റെ കുത്തൊഴുക്കിൽ അവശേഷിച്ചില്ല. പ്രളയം അക്ഷരാർത്ഥത്തിൽ പമ്പയെ ഇല്ലാതാക്കി എന്ന് വേണം പറയാൻ.

പമ്പയിലെ ത്രിവേണി പാലം പ്രളയത്തിൽ തകർന്നപ്പോൾ

ശുചിമുറികളുടെ രണ്ട് ബ്ലോക്, ഒരു റെസ്റ്റോറന്റ് ബ്ലോക്, ക്ലോക് റൂം… തീർന്നു, പ്രളയം പമ്പയിൽ അവശേഷിപ്പിച്ച കെട്ടിടങ്ങളുടെ എണ്ണം. കടമുറികൾ സകലതും ഒലിച്ചുപോയതിനൊപ്പം രാമമൂർത്തി മണ്ഡപവും തകർന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ പഴയ പമ്പ ഇപ്പോഴില്ല. പുഴ ബാക്കിവച്ച പമ്പയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ അത് പമ്പ അല്ലെന്നേ പറയൂ.

പമ്പയിലെ ശുചിമുറി ബ്ലോക്ക് ഇപ്പോൾ

“മനുഷ്യൻ കെട്ടിവച്ചതെല്ലാം പുഴയെടുത്തു. പുഴയ്ക്ക് വേണ്ടാത്തവ ബാക്കിവച്ചു”, ദേവസ്വം പ്രസിഡന്റ് എ പദ്‌മകുമാർ ഇപ്പോഴത്തെ പമ്പയുടെ സ്ഥിതി ഒറ്റവാക്കിൽ പറഞ്ഞതിങ്ങനെയാണ്.  “അണക്കെട്ടിലെ അടിത്തട്ടിലുണ്ടായിരുന്ന മണലാണ് പമ്പ മണപ്പുറത്ത് വന്ന് അടിഞ്ഞിരിക്കുന്നത്.  ഏറ്റവും ശുദ്ധമായ മണൽ. കെട്ടിട നിർമ്മാണത്തിനുപയോഗിക്കാൻ സാധിക്കുന്ന അത്രയും നല്ല മണൽ. എന്നാൽ പമ്പയെ മുഴുവനായും പുഴയെടുത്തു. ഇനി പമ്പയിൽ ഒരു നിർമ്മാണവും സാധ്യമല്ല,” പദ്മകുമാർ പറഞ്ഞു.

പമ്പയിലെ മരാമത്ത് കെട്ടിടം പ്രളയത്തിന് ശേഷം

“120-130 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.  അയ്യപ്പന്മാർ എത്താത്തതിനാൽ വരുമാന നഷ്ടം വേറെ. കടമുറികൾ ടെന്റർ ചെയ്ത് ലഭിച്ച തുക തിരികെ നൽകണം. പമ്പ ത്രിവേണിയിൽ കെട്ടി ഉയർത്തിയിരുന്ന കടമുറികളെല്ലാം പുഴയെടുത്തു. ഇക്കുറി കടമുറികളുടെ ടെണ്ടർ അനുവദിച്ചത് അൽപ്പം നേരത്തെയാണ്.  1.60 കോടി രൂപയ്ക്കായിരുന്നു ടെണ്ടർ. ആ തുക തിരികെ കൊടുക്കേണ്ടി വരും,” പദ്മകുമാർ പറയുന്നു.

പമ്പയിലെ ദേവപ്രഭ ശാസ്താ ഹോട്ടലിന്റെ ഇപ്പോഴത്തെ സ്ഥിതി

ദിവസങ്ങളായി പമ്പ പുഴയ്ക്ക് അക്കരെയും ഇക്കരെയും തമ്മിൽ ഗതാഗതം മുടങ്ങിയിട്ട്. ഇടയ്ക്ക് സന്നിധാനത്തുണ്ടായിരുന്ന മൂന്ന് പേർക്ക് അസുഖം ബാധിച്ചു. ഇന്നലെയാണ് ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഇവരെ മൂന്ന് പേരെയും പുഴ കടത്തി ആശുപത്രിയിലേക്ക് മാറ്റിയത്.

പമ്പയ്ക്ക് ഇപ്പോൾ ആഴം വർദ്ധിച്ചു. അടിയൊഴുക്ക് ശക്തമാണ്. ഇരുകരകളും മണ്ണിടിഞ്ഞു. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പുഴ അതിന്റെ ഭൂമി എടുത്തൊഴുകി. ഇനി പമ്പയിൽ ഒരു നിർമ്മാണ പ്രവർത്തിയും താൻ ദേവസ്വം പ്രസിഡന്റായിരിക്കുന്ന കാലത്ത് അനുവദിക്കില്ലെന്നാണ് പദ്മകുമാർ പറയുന്നത്. പ്രളയത്തിൽ ഏറ്റവും ചുരുങ്ങിയത് 130 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്.

പമ്പയിലെ പാർക്കിങ് സ്ഥലം പ്രളയത്തിന് ശേഷം

” പമ്പ നദിക്ക് കുറുകെയുണ്ടായിരുന്ന പാലത്തിൽ വലിയ മരത്തടികൾ വന്ന് ഇടിച്ചുനിന്നു. ഇതിന് മുകളിൽ മണലടിഞ്ഞു. ഇതോടെ പുഴ ഗതിമാറി ഒഴുകി. ഇപ്പോൾ പാലം മണലിനടിയിലാണ്. ഒരു നിലയ്ക്ക് പമ്പയാർ അതിന്റെ വഴിയിലൂടെയാണ് ഒഴുകിയത്. അതിനാൽ തന്നെ പ്രകൃതിക്ക് ഇണങ്ങാത്ത ഒരു നിർമ്മാണവും ഇനി പമ്പയിൽ അനുവദിക്കാനാവില്ല. താത്കാലിക സംവിധാനങ്ങൾ മാത്രമേ സാധിക്കൂ,” അദ്ദേഹം വിശദീകരിച്ചു.

അതേസമയം ശബരിമലയുടെ ബേസ് സ്റ്റേഷനെന്ന നിലയിലുളള വികസനം പമ്പയിൽ ഇനി സാധ്യമല്ലെന്നാണ് ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ശങ്കരൻ പോറ്റി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്. “ശബരിമലയുടെ വികസനം പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റേണ്ട സാഹചര്യമാണ്. പമ്പ മണപ്പുറം പുഴയുടെ ഭാഗമാണ്. അത് ഇനിയൊരു വെളളപ്പൊക്കം ഉണ്ടായാൽ വീണ്ടും പ്രളയത്തിലാവും. ഇതിലും വലിയ നഷ്ടങ്ങൾ അന്നുണ്ടായേക്കാം. അതിനാൽ ഇനി പമ്പയിൽ നിർമ്മാണങ്ങൾ സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

പമ്പയിലെ അന്നദാന മണ്ഡപം പ്രളയത്തിൽ തകർന്നിരിക്കുന്നു

പമ്പയിൽ രണ്ട് പാലങ്ങളാണ് ഇനി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കരസേനയുടെ സഹായത്തോടെ ബെയ്‌ലി പാലങ്ങളാണ് നിർമ്മിക്കുക. ഇതിന് വേണ്ട ധാരണാപത്രം തയ്യാറാക്കുന്നതിനും പമ്പയിലെ ഇപ്പോഴത്തെ സ്ഥിതി അവലോകനം ചെയ്യുന്നതിനുമായി പ്രത്യേക യോഗം നാളെ വിളിച്ചുചേർത്തിട്ടുണ്ട്.

അതേസമയം പമ്പയുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താൻ  സെപ്റ്റംബർ രണ്ടിന് പ്രത്യേക യോഗം ചേരുമെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം സംസ്ഥാന സെക്രട്ടറി മോഹൻ കെ നായർ പറഞ്ഞു. “പമ്പയിലെ കുത്തൊഴുക്കിൽ അയ്യപ്പ സേവ സംഘത്തിനും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. അയ്യപ്പ സേവ സംഘത്തിന്റെ ഓഡിറ്റോറിയം പ്രളയത്തിൽ തകർന്നിട്ടുണ്ട്. പുഴയിലേക്ക് ഇറക്കിക്കെട്ടിയ കെട്ടിടങ്ങൾ പുഴയെടുക്കുകയാണ് ചെയ്തത്,”  അദ്ദേഹം വിശദീകരിച്ചു.

പമ്പയിലെ ക്ലോക് റൂം പ്രളയത്തിന് ഇരയായപ്പോൾ

 

പമ്പയിൽ ഇനി നിർമ്മാണങ്ങൾ വേണ്ടെന്നാണ് അഭിപ്രായമെന്ന് മോഹൻ കെ നായർ പറഞ്ഞു. പമ്പയുടെ പുനർ നിർമ്മാണത്തിന് ദേവസ്വം ബോർഡിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും സെപ്റ്റംബർ രണ്ടിന് മുൻപ് പമ്പയിൽ അയ്യപ്പ സേവ സംഘത്തിന്റെ പ്രത്യേക സംഘം സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടുത്തെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമായിരിക്കും ഭാവിനടപടികളെന്നും അദ്ദേഹം പറഞ്ഞു.

പമ്പ ത്രിവേണിയുടെ വിദൂര ദൃശ്യം ഇപ്പോൾ

പമ്പയിൽ ഇനി നിർമ്മാണങ്ങൾ സാധ്യമാകില്ലെന്ന് രണ്ട് ദിവസം മുൻപ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതോടെ നിലയ്ക്കൽ ഇനി ശബരിമലയിലേക്കുളള ബേസ് സ്റ്റേഷൻ ആകും.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രളയത്തിൽ തകർന്ന ശബരിമലയുടെ ബേസ് സ്റ്റേഷനായ പമ്പ സന്ദർശിച്ചപ്പോൾ

ഇനി നിലയ്ക്കൽ വരെ മാത്രമേ വലിയ വാഹനങ്ങൾക്ക് വരാൻ സാധിക്കൂവെന്നാണ് വിവരം. ചെറുവാഹനങ്ങൾ പമ്പ വരെ കടത്തിവിടും. എന്നാൽ ബസ് പോലുളള വാഹനങ്ങൾക്ക് സർവ്വീസ് അനുവദിക്കില്ല. പകരം ഗതാഗത സംവിധാനമായി കൂടുതൽ നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസിയുടെ സഹായം തേടുമെന്ന് പദ്‌മകുമാർ പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.