കൊച്ചി: കേരളത്തിലെ പ്രളയദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ബിജെപി സർക്കാർ കേരളത്തോട് രാഷ്ട്രീയ വൈര്യം പുലർത്തുന്നുവെന്ന് വിമർശിച്ച മുഖപ്രസംഗം ആർഎസ്എസ് പിൻവലിച്ചു. ഇതേക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം അന്വേഷിച്ചതിന് തൊട്ടുപിന്നാലെയാണ് അവർ മുഖപ്രസംഗം പിൻവലിച്ചത്.

പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രസർക്കാർ രാഷ്ട്രീയ വൈര്യം വച്ച് പുലർത്തുന്നതായാണ് ആർഎസ്എസ് മുഖപത്രം കേസരിയുടെ വെബ്സൈറ്റിൽ മുഖപ്രസംഗം എന്ന ഭാഗത്ത് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മര്യാദപൂർവ്വം ഇടപെട്ടെന്നും അത് കേന്ദ്രസർക്കാർ തിരിച്ച് കാണിച്ചില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. എൻ.ആർ.മധുവാണ് ഇപ്പോൾ കേസരിയുടെ എഡിറ്റർ.

“ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന”, എന്നാണ് ഇതിൽ പറയുന്നത്.

Read More: “പിണറായി കാട്ടിയത് മര്യാദ”, കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ് മുഖപത്രം

എന്നാൽ മുഖപ്രസംഗം ശ്രദ്ധയിൽപെട്ട ഉടൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം കേസരി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. മുഖപ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എഡിറ്റർ അവധിയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. അധികം വൈകാതെ തന്നെ മുഖപ്രസംഗം പിൻവലിക്കുകയും ചെയ്തു.

“മതമല്ല… രാഷ്ട്രമാണ് പ്രധാനം”, എന്നാണ് രണ്ടാമത് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ തലക്കെട്ട്. ഇതിന് ശേഷം ബിജെപിയുടെ ദിനപത്രമായ ജന്മഭൂമിയുടെ ഓൺലൈനിൽ കേസരി വെബ്സൈറ്റ് ഹാക്ക് ചെയ്തതായി വാർത്ത പ്രസിദ്ധീകരിച്ചു.

“ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം നടത്തുന്ന മുഖപ്രസംഗം കുറച്ചു നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ വൈകാതെ അപ്രത്യക്ഷമായി”, എന്നാണ് വാർത്തയിൽ പറയുന്നത്. “മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്”, എന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

“കേസരി വാരിക ഇറങ്ങുന്നത് ഇന്നാണ്. അതു കണക്കാക്കി ഓഗസ്റ്റ് 22-ാം തീയതി വച്ചാണ് മുഖപ്രസംഗം ചേര്‍ത്തിരിക്കുന്നത്. ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല,” എന്നാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. അതേസമയം ഹാക്ക് ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും വാർത്തയിൽ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.