കൊച്ചി: പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരം വച്ച് പുലർത്തുന്നതായി ആർഎസ്എസ് സൈദ്ധാന്തിക മുഖപത്രമായ കേസരി ആഴ്ചപതിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ മര്യാദപൂർവ്വം ഇടപെട്ടെന്നും അത് കേന്ദ്രസർക്കാർ തിരിച്ച് കാണിച്ചില്ലെന്നും കേസരിയുടെ  മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

“ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം, നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന,” എന്നാണ് കേസരിയിലെ മുഖ പ്രസംഗത്തിൽ പറയുന്നത്.

ചെങ്ങന്നൂരിലും ആറന്മുളയിലും നല്ല ഒരു ശതമാനം  സംഘപ്രവർത്തകർ  ഈ ദുരന്തത്തിൽ പെട്ട് പോയിട്ടുമുണ്ടെന്ന് ആർഎസ്എസ് പറയുന്നു. “അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോൾ. അത് ആശാസ്യമല്ല. കേരളമില്ല എങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും,” എന്നാണ് ആർഎസ്എസ് നിലപാട്.

Read More:

Kerala Floods: കേന്ദ്രത്തെ വിമർശിച്ച കേസരിയിലെ മുഖപ്രസംഗം ആർഎസ്എസ് നീക്കി; വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് വിശദീകരണം

“വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയൻ ഉൾപ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്ത് നാം അവർക്കു തിരിച്ചു നൽകേണ്ടതും” എന്നാണ് മുഖ്യമന്ത്രിയെ പ്രശംസിച്ച് ആർഎസ്എസ് മുഖ മാസികയുടെ  മുഖപ്രസംഗത്തിൽ അഭിപ്രായപ്പെടുന്നത്.

Read in English: Sangh-linked weekly disowns editorial that rapped Centre over handling of Kerala floods, praised CM Vijayan

മുഖപ്രസംഗത്തെ കുറിച്ച് ചോദിക്കാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം കേസരിയുടെ എഡിറ്റർ എൻ.ആർ.മധുവിനെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം കോൾ അറ്റന്റ് ചെയ്തില്ല. ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ പനി ബാധിച്ച് അവധിയാണെന്നാണ് മറുപടി ലഭിച്ചത്.

കേസരി വാരികയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം

 

മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം

പ്രിയ സംഘമിത്രങ്ങളെ നമസ്കാരം..

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപർ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാൽ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാൻ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കർമ്മവും. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം എന്നാണ് ആചാര്യന്മാർ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും

നമുക്കേവർക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറൻമുളയും അടക്കം സംഘപുത്രന്മാർ ഏറെയുള്ള പ്രദേശങ്ങളിൽ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.
നല്ല ഒരുശതമാനം സംഘപുത്രന്മാർ ഈ ദുരന്തത്തിൽ പെട്ട്പോയിട്ടുമുണ്ട്

അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോൾ. അത് ആശാശ്യമല്ല. കേരളമില്ല എങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും.

കേരളീയരായി പോയി എന്ന കാരണത്താൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതർ. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളിൽ ഉള്ള പൗരന്മാർക്കും ഉള്ള അതേ അവകാശങ്ങൾ നമ്മൾ കേരളീയർക്കുമുണ്ട്.

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകൾ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നൽകേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയൻ ഉൾപ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവർക്കു തിരിച്ചു നൽകേണ്ടതും. ദുരന്തത്തിൽ രാഷ്ട്രീയം കളിച്ചാൽ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു??

അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തിൽ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാൻ ഉത്തരങ്ങളില്ലാതെ വരും.

എന്നാൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ഇതേക്കുറിച്ച് കേസരിയുടെ ഓഫീസിൽ  ​അന്വേഷിച്ചു.  വാർത്ത നൽകുകയും ചെയ്ത്  കഴിഞ്ഞ് അധികം സമയം വൈകാതെ കേസരി വാരിക മുഖപ്രസംഗം പിൻവലിച്ചു. പകരം “മതമല്ല, രാഷ്ട്രമാണ് പ്രധാനം” എന്ന മറ്റൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.