കൊച്ചി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍. 144 മെട്രിക് ടണ്‍ അരി, പതിനായിരം പുതപ്പുകള്‍, 2.5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ 55 ലക്ഷം രൂപയുടെ സഹായ വസ്തുക്കളുമായാണ് അരി വ്യാപാരികളുടെ 10 പേരടങ്ങുന്ന സംഘം എത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റിഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഇവരെ സ്വീകരിച്ചു. ആന്ധ്രയിലെ കാക്കിനഡ തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണിവര്‍. പുതപ്പുകളും വസ്ത്രങ്ങളും ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്യുവാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

സംഭാവനകള്‍ക്ക് പുറമേ മൂന്നുദിവസം സന്നദ്ധ സേവനത്തിനും തയ്യാറായാണ് വിനോദ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരിക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് ഇവര്‍ സേവനമനുഷ്ഠിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ സജ്ജമാണെന്നും ഇവര്‍ കളക്ടറെ അറിയിച്ചു.

തൃക്കാക്കര നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കളക്ഷന്‍ സെന്ററിലേക്ക് വിവിധ മേഖലകളില്‍ നിന്ന് സഹായം എത്തുകയാണ്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പുറമേ വിവിധ മേഖലകളില്‍ നിന്ന് സന്നദ്ധരായി വരുന്നവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ സേവനത്തിനായി മുന്നോട്ടുവരുന്നത്.

ആന്ധ്രയില്‍നിന്നും സഹായവുമായി എത്തിയ അരി വ്യാപാരികളുടെ സംഘം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുമായി സംസാരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.