ന്യൂഡൽഹി: കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്രം നൽകിയ അരി സൗജന്യമല്ല. കേരളത്തിന്റെ അഭ്യർത്ഥന മാനിച്ച് നൽകിയ 89000 ടൺ അരിക്ക് പണം നൽകണമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ. കേരളത്തിൽ നിന്നുളള പാർലമെന്റ് അംഗങ്ങളുടെ സംയുക്ത സംഘത്തിനോടാണ് കേന്ദ്രമന്ത്രി പ്രതികൂല നിലപാട് അറിയിച്ചത്.
പ്രളയത്തിന്റെ തുടക്കത്തിൽ തന്നെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ അരി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 1.18 ലക്ഷം ടൺ അരിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാർ 89000 ടൺ അരിയാണ് കേരളത്തിന് അനുവദിച്ചത്. തൊട്ടുപിന്നാലെ തന്നെ അരിക്ക് കേന്ദ്രം കിലോയ്ക്ക് 25 രൂപ വിലയിട്ടിട്ടുളളതായി വാർത്ത വന്നു.
ഈ ഇനത്തിൽ 228 കോടി രൂപയാണ് കേരളം കേന്ദ്രത്തിന് നൽകേണ്ടത്. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. കേരളത്തിന് നൽകിയ അരി സൗജന്യമാണെന്നാണ് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞത്. പക്ഷെ അരിക്ക് പണം നൽകേണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഉത്തരവായി ഇറങ്ങാത്ത സാഹചര്യത്തിലാണ് ഇന്ന് എംപിമാരുടെ സംഘം ഈ ആവശ്യവുമായി അദ്ദേഹത്തെ കണ്ടത്.
എന്നാൽ കേരളത്തിന് അനുകൂലമായ മറുപടി പറയാതെയാണ് കേന്ദ്രമന്ത്രി കേരളത്തിൽ നിന്നുളള എംപിമാരുടെ സംഘത്തെ മടക്കിയത്. ഇതോടെ പ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്ന് അനുകൂലമായ സഹായം ലഭിക്കുന്നില്ലെന്ന വാദം കടുക്കുകയാണ്.