scorecardresearch

“പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന തുക ആവശ്യപ്പെട്ടത് അനുചിതം” ദിഗ്‌വിജയ് സിങ് എം പി

പ്രളയാനന്തരം ഗൗരവതരമായ പകര്‍ച്ചവ്യാധികളൊന്നും പ്രളയബാധിതപ്രദേശങ്ങളില്‍ ഉണ്ടായില്ല എന്നതില്‍ കേരളത്തിന്റെ ആരോഗ്യമേഖല അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് വിലയിരുത്തൽ

parliamentary committee visits kerala flood area

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംസ്ഥാനസര്‍ക്കാരില്‍ നിന്ന് തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി അനുചിതമെന്ന് ദിഗ് വിജയ് സിങ് എംപി. സംസ്ഥാനത്തെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്താനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പാർലമെന്ററി സമിതി നടത്തിയ യോഗത്തിലാണ് ഈ അഭിപ്രായപ്രകടനം.

ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന തുക ആവശ്യപ്പെടുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ എം വീരപ്പമൊയ്‌ലി ചെയര്‍മാനായ ഫിനാന്‍സ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ എറണാകുളം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പ്രളയാന്തര പ്രവര്‍ത്തനങ്ങളില്‍ സഹായം വേഗത്തിലാക്കാനുമാണ് കമ്മിറ്റി സിറ്റിങ് നടത്തുന്നതെന്ന് ഡോ എം വീരപ്പമൊയ്‌ലി പറഞ്ഞു.

ഈ സിറ്റിങ്ങില്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മാനുഷിക മുഖമാണ് വ്യക്തമാകുന്നത്. തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നതല്ല സത്യാവസ്ഥ മനസ്സിലാക്കുക എന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം. പ്രളയാനന്തരം ഗൗരവതരമായ പകര്‍ച്ചവ്യാധികളൊന്നും പ്രളയബാധിതപ്രദേശങ്ങളില്‍ ഉണ്ടായില്ല എന്നതില്‍ കേരളത്തിന്റെ ആരോഗ്യമേഖല അഭിനന്ദനമര്‍ഹിക്കുന്നു -വീരപ്പമൊയ്‌ലി പറഞ്ഞു.

parliamentary committee meeting at flood affected area in chendamagalam
ചേന്ദമംഗലം പഞ്ചായത്തിൽ നടന്ന യോഗത്തിൽ പാർലമെന്ററി കമ്മിറ്റി ചെയർമാൻ എം. വീരപ്പ മൊയ്ലി എം.പി സംസാരിക്കുന്നു.

കേരളം, കുടക്, തമിഴ്‌നാട് എന്നിവിടങ്ങില്‍ ഈയിടെയുണ്ടായ ദുരന്തങ്ങളെപറ്റി പഠിച്ച് അതാത് ചീഫ്‌ സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ഒരു ഉന്നതതലയോഗം വിളിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിക്കാനും കമ്മിറ്റി ഉദ്ദേശിക്കുന്നുവെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.

വരള്‍ച്ച, ഓഖീ, നിപ, പ്രളയം തുടങ്ങി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിന് പല പ്രകൃതി ദുരന്തങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നുവെന്ന് പി.എച്ച് കുര്യന്‍ പറഞ്ഞു. പ്രളയം മൂലം സംസ്ഥാനത്ത് 26,720 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നഷ്ടങ്ങള്‍ നികത്താനും പൂര്‍വസ്ഥിതിയിലാക്കാനും 31,000 കോടി രൂപ ആവശ്യമാണെന്നാണ് യൂഎന്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനത ഒന്നിച്ചു നിന്ന് പ്രളയം നേരിട്ടതിനെക്കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ചും പി എച്ച് കുര്യന്‍ വിശദീകരിച്ചു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നും സഹായങ്ങള്‍ പ്രവഹിച്ചു. എഴുലക്ഷം വീടുകളാണ് പ്രളയാനന്തരം ശുചീകരിക്കേണ്ടി വന്നത്. 3.5 ലക്ഷം കിണറുകള്‍ ശുചീകരിച്ചു. 7.15 ലക്ഷം കിറ്റുകള്‍ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തു. 2.60 ലക്ഷം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പുന:നിര്‍മാണ പ്രക്രിയകള്‍ക്കായി സംസ്ഥാനസര്‍ക്കാരിന്റെ വിവിധ പദ്ധതികളും പി എച്ച് കുര്യന്‍ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2700 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 214 കോടി രൂപ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കൂടുതലായി (additional advance allocation) തന്നത് 600 കോടി രൂപയാണ്. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടില്‍ നിന്ന് ഡിസംബര്‍ 5 വരെ 601.85 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 700 കോടി രൂപയുടെ ബില്ലുകള്‍ ഉടന്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.

5616 കോടി രൂപയാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കൂടുതല്‍ ധനസഹായമായി അഭ്യര്‍ത്ഥിച്ചിരുന്നത്. ഇതില്‍ 600കോടി രൂപ അഡ്വാന്‍സ് ലഭിച്ചു. വിവിധ പദ്ധതികളിന്‍ കീഴില്‍ നബാര്‍ഡില്‍ നിന്നും കൂടുതലായി അഭ്യര്‍ത്ഥിച്ച 2500 കോടി രൂപ, പുനര്‍നിര്‍മാണത്തിനായി ജിഎസ്ടിയില്‍ പ്രത്യേക സെസ് എന്നിവയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. ദുരിത ബാധിത പ്രദേശങ്ങളില്‍ സൗജന്യ അരിയും മണ്ണെണ്ണയും വിതരണത്തിനാവശ്യമായ തുകയും ഒറ്റത്തവണ ധനസഹായമായ 5000 കോടി രൂപയും (additional one time package assistance) കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട തുക അനുവദിച്ചാല്‍ തന്നെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ തുക ആവശ്യമായി വരും. നുറു കോടി ഡോളറിന്റെ സഹായം എഡിബി, യൂറോപ്യന്‍ യൂണിയന്‍, ലോകബാങ്ക് എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സ്വീകരിക്കു ന്നതിന് എഫ് ആര്‍ബിഎം (ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി &ബജറ്റ് മാനേജ്‌മെന്റ് ) പ്രകാരമുള്ള ലോണ്‍ പരിധിയില്‍ ഇളവ് ആവശ്യമാണ്. ഇതും പരിഗണിക്കണമെന്ന് പാര്‍ലമെന്റ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

പ്രളയത്തോടനുബന്ധിച്ചുണ്ടായ മണ്ണൊലിപ്പും കൃഷിനാശവും കാര്‍ഷികരംഗത്ത് ദുരവ്യാപകമായ ഫലങ്ങളാണുണ്ടാക്കുകയെന്ന് പി എച്ച് കുര്യന്‍ പറഞ്ഞു. സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ മുഖേന വായ്പ നൽകി ക്കൊണ്ടാണ് ദുരന്ത ബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. പക്ഷേ പല സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ക്കും നിലവില്‍ വായ്പ ഉള്ളതി നാല്‍ പ്രളയദുരന്തവുമായി ബന്ധപ്പെട്ട ബാങ്കുകള്‍ നല്കുന്ന വായ്പ പ്രത്യേകമായി പരിഗണിക്കണമെന്ന് ബാങ്കുകളോടാവശ്യപ്പെടണമെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയോട് അപേക്ഷിച്ചി ട്ടുണ്ട്.

ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്കുന്ന കാര്യവും പരിഗണിക്കണം. പ്രളയനാശങ്ങളില്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ കാലതാമസമുണ്ടാവുന്നുവെന്ന പരാതിയും വ്യാപകമായുണ്ടെന്ന് പി എച്ച് കുര്യന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉടന്‍ പരിഗണിക്കുമെന്ന് കമ്മിറ്റി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods rescue operations air force digvijay singh

Best of Express