കൊച്ചി: കേരളത്തിൽ ആഞ്ഞടിച്ച പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർ നിർമ്മാണം ആരംഭിച്ചതായി സർക്കാർ. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതെയുമായ വീടുകളുടെ പുനര്‍ നിര്‍മാണമാണ് ആരംഭിച്ചത്.
പൂർണ്ണമായി തകർന്ന വീടുകൾക്ക് ആറ് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയിൽ പുനർ നിർമ്മാണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ ഗഡു ജില്ല കളക്ടർമാർ വഴി വിതരണം ചെയ്യും. ഇതിനുളള അനുമതി കളക്ടർമാർക്ക് നൽകി.
ഇതിനോടകം 6,537 കുടുംബങ്ങളാണ് ആദ്യഗഡുവിന് അപേക്ഷിച്ചത്. ഇവരില്‍ 1,656 പേര്‍ക്ക് ആദ്യഗഡു നല്‍കി. ആകെ 16 കോടി രൂപ ഇതിനായി ചിലവഴിച്ചു. മലയോര മേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കുന്നത്.
നാലു ലക്ഷം രൂപയില്‍ ബാക്കിയുളള തുക രണ്ടു ഗഡുക്കളായി നല്‍കാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും അടുത്ത ആഴ്ചയോടെ ആദ്യഗഡു നല്‍കാന്‍ ജില്ല ഭരണാധികാരികൾക്ക് നിർദ്ദേശം നൽകി.
ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉന്നത അധികാര സമിതി പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം സംബന്ധിച്ച നടപടികള്‍ വിലയിരുത്തി. ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും അപേക്ഷകരുടെ യോഗം വിളിച്ച് വിവിധ പുനര്‍നിര്‍മാണ സാധ്യതകള്‍ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും ഇതിനായി സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.