തിരുവനന്തപുരം : ദുരന്ത സാധ്യതയുള്ള മേഖലകളില്‍ ജനവാസം പ്രോത്സാഹിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശമുണ്ടായ മേഖലകളിലാണ് ജനവാസത്തിന് തടസമുണ്ടാവുക.

അപകടസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ വീണ്ടും ജനവാസം പ്രോത്സാഹിപ്പിക്കില്ല എന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ആരംഭിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ധാരാളം ഭൂമി കൈവശമുള്ളവരോ വ്യക്തികളോ സംഘടനകളോ ഭൂമി നല്‍കിയാല്‍ ഇവിടങ്ങളില്‍ താമസിച്ചവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. ഭൂമി ലഭിക്കുന്നില്ലായെങ്കില്‍ സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുത്ത് പുനരധിവാസം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പല ഇടങ്ങളിലും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസത്തിനായി പുതിയ ഇടങ്ങള്‍ കണ്ടെത്തേണ്ടിവരും എന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

“ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ പല പാഠങ്ങളും പഠിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വീട് ഇരുന്നവര്‍ക്ക് വീട് വെക്കാന്‍ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്” പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാവും പുനരധിവാസത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ