Kerala Floods: തിരുവനന്തപുരം: പ്രളയദുരന്തം കണക്കിലെടുത്ത് കേരളവുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്കുളള സംഭാവനകൾ​ നൽകുന്നതിനുളള ഫീസും ഒഴിവാക്കിയിട്ടുണ്ട്.

ദുരന്തബാധിതർക്ക് പോയിന്റ് ഓഫ് സെയിൽ മെഷീൻ വഴി ദിവസവും 2000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു.  നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാലുളള പിഴ തുക ഒഴിവാക്കി. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാർജും ഒഴിവാക്കിയതായി എസ്ബിഐ ​അറിയിച്ചു. നഷ്ടങ്ങളിൽ നിന്നു കരകയറുന്നതിനുള്ള വായ്പകൾക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഈടാക്കില്ല.

തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് എസ്ബിഐ ശാഖയിൽ ഫോട്ടോ മാത്രം നൽകി അക്കൗണ്ട് ആരംഭിക്കാം. ഫോട്ടോയ്ക്കൊപ്പം വിരലടയാളമോ, ഒപ്പോ ഉപയോഗിച്ച് അക്കൗണ്ടുകൾ ആരംഭിക്കാം എന്നാണ് എസ്ബിഐ​ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്.

വ്യക്തിഗത വായ്പകൾക്ക് (പേഴ്സണൽ ലോൺ) യോഗ്യതയുളളവർക്ക് വേഗം വായ്പ അനുവദിക്കും. ദുരിത ബാധിതരായവരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഈടാക്കില്ല. ഈടാക്കിയാൽ തിരികെ നൽകും. ദുരിത ബാധിതനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് നൽകിയാൽ മതി.

രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എസ്ബിഐ സംഭാവന ചെയ്തു. ഇതിനു പുറമെ 2.7 ലക്ഷം ജീവനക്കാരിൽനിന്നും പിന്തുണ തേടിയിട്ടുണ്ട്.  ജീവനക്കാരിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് തുല്യമായ തുക എസ്ബിഐയും നൽകും  അതും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് എസ്ബിഐ അറിയിച്ചു.

പ്രളയം കാരണം പ്രവർത്തന രഹിതമായ എടിഎമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുളള സംഭാവനകളുടെ ഫീസ് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ ദുരന്തത്തിന്റെ വ്യാപ്തി ശ്രദ്ധയിൽപ്പെടുത്തിയിട്ടും എസ്ബിഐ നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ​ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേയ്ക്കുളള തുക ട്രഷറി വഴി നൽകാൻ സംവിധാനം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐ ഫീസ് ഈടാക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ