PM Narendra Modi in Kerala:തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കണ്ട് വിലയിരുത്തി. കേരളത്തിന് അടിയന്തര ധനസഹായമായി 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി പ്രത്യേക വിമാനത്തിലാണ് കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്ത് വന്നിറങ്ങിയത്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പ്രത്യേക യോഗം വിളിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം ഇടക്കാല ആശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ നിലത്തിറക്കി. കാലാവസ്ഥ അനുകൂലമായതോടെ അദ്ദേഹം വീണ്ടും വ്യോമനിരീക്ഷണം നടത്തി.

ഗവർണ്ണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. നാടിനെ ബാധിച്ച പ്രളയക്കെടുതിയിലും മരണങ്ങളിലും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുവദിച്ച 100 കോടി രൂപക്ക് പുറമെയാണ് പ്രധാന മന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച 500 കോടി രൂപ. ഇതിന് പുറമെ പ്രളയത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും കേന്ദ്രം നൽകും.

തകർന്ന ദേശീയ പാതകൾ എത്രയും വേഗം പുനരുദ്ധീകരിക്കാൻ ദേശിയ പാത അതോറിറ്റിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫസൽ ബീമാ യോജന ഉൾപ്പടെയുള്ള ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് വേഗത്തിൽ തന്നെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികളോടും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

നേരത്തെ ജൂലൈ 21 ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി കിരൺ റിജ്ജുവും ഓഗസ്റ്റ് 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കേരളം സന്ദർശിച്ചിരുന്നു.

കേരളത്തിലെ അവസ്ഥ കേന്ദ്ര സർക്കാർ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തുടർച്ചയായി ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ഊജിതമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. കരസേന, നാവികസേന, വ്യോമസേന കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ കൂടുതല്‍ സംഘം കേരളത്തിലത്തും. കൂടുതല്‍ ബോട്ടുകള്‍ ഹെലികോപ്റ്ററുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയ്‌, റെയിന്‍ കോട്ട്, ഗം ബോട്ടുകള്‍, ടവര്‍ ലൈറ്റുകള്‍ എന്നിവയാണ് എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.