scorecardresearch
Latest News

സ്‌നേഹത്തിന്റെ പ്രളയവുമായി കൊച്ചിയിലെ ഗുജറാത്തി സമൂഹം

“ഗുജറാത്തി സമാജ് അധികൃതര്‍ ഞങ്ങളോട് പറഞ്ഞത് പൈസയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ട വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ എന്നു മാത്രമാണ്.”

സ്‌നേഹത്തിന്റെ പ്രളയവുമായി കൊച്ചിയിലെ ഗുജറാത്തി സമൂഹം

മഹാപ്രളയത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വീടും കൂടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കൈ കോര്‍ക്കുകയാണ് കൊച്ചി മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹം. ക്യാമ്പുകളിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയാണ് ഇവിടെ ഒരുകൂട്ടം മനുഷ്യര്‍ സ്‌നേഹം എന്ന പദത്തിന്റെ പര്യായമാകുന്നത്.

ഭാവനാ ബെന്‍ പരേഖ്, കമലേഷ്  ജനനി എന്നിവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. 150ല്‍ അധികം ആളുകള്‍ പുലര്‍ച്ചെ നാലു മണി മുതല്‍ രാത്രി 10 മണിവരെ കൈ മെയ് മറന്ന് അധ്വാനിച്ചാണ് ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നത്. ഗുജറാത്തി ഭക്ഷണമാണ് ഇവര്‍ പാകം ചെയ്ത് നല്‍കുന്നത്.

“മൂന്നു ദിവസമായേ ഉള്ളൂ ഞങ്ങള്‍ ഇത് ആരംഭിച്ചിട്ട്. ആദ്യ ദിവസം 20,000 പൂരി എത്തിച്ചു കൊടുത്തു. എട്ടെണ്ണത്തിന്റെ പാക്കറ്റ് വച്ച് 2,500 പാക്കറ്റാണ് വിതരണം ചെയ്തത്. ഇന്നലെ രാവിലെ ലെമണ്‍ റൈസും അച്ചാറുമായി 2,000 പാക്കറ്റ് കൊടുത്തു കഴിഞ്ഞു. രാത്രിയിലേക്ക് ചോറാണ് കൊടുത്തത്. 5,000 പാക്കറ്റാണ് വിതരണം ചെയ്തത്,” കമലേഷ് പറയുന്നു.

ഗുജറാത്തി സമൂഹത്തിലെ 150ഓളം ആളുകള്‍ ചേര്‍ന്നാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഉണ്ട് ഇതില്‍.
“ഇതിനായി പ്രധാനമായും പണം നല്‍കുന്നത് ഞങ്ങളുടെ സമാജം ആണ്. ഗുജറാത്തി സമാജ് അധികൃതര്‍ ഞങ്ങളോട് പറഞ്ഞത് പൈസയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ട, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ എന്നു മാത്രമാണ്. ഗുജറാത്തി സമാജില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഓരോ കമ്മ്യൂണിറ്റിയും സംഭാവന നല്‍കുന്നുണ്ട്. ആവശ്യമായ സാധനങ്ങളെല്ലാം എത്തിയിട്ടുണ്ട്,” കമലേഷ് വ്യക്തമാക്കി.

ഭാവനാ ബെന്‍ പാരേഖ് ആണ് ഇതിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നതെന്ന് കമലേഷ് പറയുന്നു.
‘ഞാന്‍ പ്രധാനമായും മറ്റു കാര്യങ്ങളും ഇതിന്റെ ഓര്‍ഗനൈസേഷനുമെല്ലാമാണ് നോക്കുന്നത്. ഇതിനെ നയിക്കുന്നത് ഭാവനയാണ്. ഭക്ഷണം ആവശ്യമുള്ളവര്‍ ഇവിടെ വരും. അവര്‍ നേരത്തേ തന്നെ ഞങ്ങളെ ബന്ധപ്പെടും. അല്ലെങ്കില്‍ പരിചയമുള്ള ആരെങ്കിലും പറഞ്ഞറിഞ്ഞാകും. എത്തിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. അവര്‍ വരുമ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ഉള്ള ഒരാളും അവര്‍ക്കൊപ്പം ക്യാമ്പിലേക്ക് പോകാറുണ്ട്,’ കളക്ഷന്‍ സെന്ററുകളില്‍ നിന്നുള്ളവരും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നുള്ളവരുമെല്ലാം ഭക്ഷണം കൊണ്ടു കൊടുക്കുമെന്നാണ് കമലേഷ് പറയുന്നത്.

ഗുജറാത്തി ഭക്ഷണമായ പൂരിയാണ് പ്രധാനമായും ഇവര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ കാരണം ഇക്കൂട്ടത്തിൽ ഒരാളായ ജയന്ത് ഗാന്ധി പറയുന്നു.
“പൂരിയാകുമ്പോൾ രണ്ടോ മൂന്നോ ദിവസം ചീത്തയാകില്ല. ആട്ടകൊണ്ടാണ് ഉണ്ടാക്കുന്നത്. പിന്നെ പോഷക ഗുണമടങ്ങിയ ആഹാരവുമാണ്.”

ഇതാദ്യമായല്ല, ഇതിനു മുമ്പും ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ തങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും ജയന്ത് വ്യക്തമാക്കുന്നു.

“ഞങ്ങളെക്കൊണ്ട് സാധിക്കുന്ന തരത്തിലെല്ലാം ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ മുമ്പും ഇടപെട്ടിട്ടുണ്ട്. ഇത്തരം ഒരു പ്രശ്നം വരുമ്പോൾ നമ്മൾ ഒന്നിച്ചു നിൽക്കണം. അത്രയേ ഉള്ളൂ,” കൊച്ചിയിൽ ഹോം അപ്ലയൻസസ് വ്യാപാരിയായ ജയന്ത് പറഞ്ഞു.

ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ ഇതിനു ചുക്കാന്‍ പിടിക്കുന്ന ഭാവനയെ സമീപിച്ചപ്പോള്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെയും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടേയും തിരക്കിലായിരുന്നു ഭാവന.

‘രാവിലെ നാലു മണിക്കാണ് ഞങ്ങളിത് തുടങ്ങുന്നത്. ആരും നിര്‍ബന്ധിച്ചിട്ടൊന്നുമല്ല, എല്ലാവരും സ്വമേധയാ അവരുടെ ഇഷ്ടത്തിനു വരുന്നതു തന്നെയാണ്. രാത്രി പത്തു മണി വരെ നീണ്ടു പോകും. അതിനിടയില്‍ മറ്റൊന്നിനും സമയം കിട്ടാറില്ല. രാത്രിയിലേക്ക് ചോറാണ് ഉണ്ടാക്കുന്നത്. ഇന്നു രാവിലെ ഉപ്പുമാവാണ് കൊടുത്തത്. അതിന്റെ ജോലികൾ ഇന്നലെയേ ആരംഭിച്ചിരുന്നു,” തിരക്കിനിടയിൽ ഭാവന പറയുന്നു.

പൂരിയാണ് പ്രധാന ഭക്ഷണമെങ്കിലും അതില്‍ തന്നെ വ്യത്യസ്തകള്‍ പരീക്ഷിക്കാനും ഇവര്‍ സന്നദ്ധരാണ്.

“ഉച്ചയ്ക്ക് മസാല പൂരിയാണ് നല്‍കുന്നത്. പ്ലെയിന്‍ പൂരി കൊടുക്കുന്നില്ല. കൂടെ അച്ചാറും.  രാത്രി എന്തുകൊടുക്കും എന്നു തീരുമാനിച്ചിട്ടില്ല. ആര്‍ക്കെങ്കിലും ചോറുവേണം എന്നു പറയുകയാണെങ്കില്‍ അത് നല്‍കും. അല്ലെങ്കില്‍ പൂരി തന്നെ നല്‍കും,” ഭാവന പറയുന്നു.

“ക്യാമ്പുകളില്‍ നേരിട്ടു പോയി അവരുടെ ആവശ്യങ്ങള്‍ അറിയണം എന്നുണ്ട്. പക്ഷെ സമയം കിട്ടുന്നില്ല. അതിരാവിലെ തുടങ്ങുന്ന ജോലിയല്ലേ. അതിനിടയില്‍ മറ്റൊന്നിലേക്കും സമയം മാറ്റിവയ്ക്കുന്നില്ല. മടിയില്ലാതെ ജോലി ചെയ്യാന്‍ കൂടെ നിരവധി ആളുകള്‍ ഉണ്ട്. ആരും നിര്‍ബന്ധിച്ചിട്ടല്ല ഇവരെല്ലാം വരുന്നത്. സ്വന്തം ഇഷ്ടത്തിനാണ്. രണ്ടു ദിവസമായിട്ടേ ഉള്ളൂ ഭക്ഷണം നല്‍കാന്‍ തുടങ്ങിയിട്ട്. എത്ര ദിവസത്തേക്കാണോ അവരുടെ ആവശ്യം എന്നത് അനുസരിച്ചായിരിക്കും മറ്റു തീരുമാനങ്ങള്‍,” ഭാവന വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods rains kochi gujarati community prepares food packets for the flood affected