Kerala Floods:കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനെ അഭിമുഖീകരിക്കുമ്പോൾ കേരളത്തെ ജീവിതത്തിന്റെ കരയിലേയ്ക്ക് അടുപ്പിക്കുന്നതിലെ പ്രധാന പങ്ക് വഹിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്.  മത്സ്യത്തൊഴിലാളി സമൂഹം അവർക്ക് പരിചയിമില്ലാത്തയിടങ്ങളിൽ പോലും നടത്തുന്ന അതീവ സാഹസികമായ രക്ഷാപ്രവർത്തനമാണ് കേരളത്തെ ജീവതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത്.  പ്രളയദുരന്തത്തിൽപ്പെട്ടുളള  അപകട മരണ നിരക്കിന്റെ അളവ് കുറയ്ക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ഇപ്പോൾ വഹിക്കുന്നതും മത്സ്യത്തൊഴിലാളികൾ നടത്തുന്ന രക്ഷാപ്രവർത്തനമാണ്.  മറ്റ് സുരക്ഷാ സംവിധാനങ്ങളുടെ രക്ഷാപ്രവർത്തനത്തേക്കാൾ കൂടുതൽ ആളുകളിലേയ്ക്ക് എത്താനും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും മത്സ്യത്തൊഴിലാളികളുടെ ആത്മാർത്ഥമായ സമർപ്പണബോധത്തോടെയുളള​ രക്ഷാപ്രവർത്തനത്തിലൂടെ സാധ്യമാകുന്നുണ്ട്. സൈന്യം വരണമെന്ന് പറയുന്ന ജനപ്രതിനിധികൾ പോലും മത്സ്യത്തൊഴിലാളികളുടെ സഹായം കൂടെ ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

ഇന്നലെ പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ അധികം പേരെ ബോട്ട് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സേനാവിഭാഗങ്ങളുടെ ബോട്ടുകളോടൊപ്പം മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്‍.ഡി.ആര്‍.എഫിന്റെ 79 ബോട്ടുകളും ഫിഷറീസിന്റെ 403 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 22 ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയവരുടെ കണക്ക് മൂന്നൂറോളമാണ്.  ഈ  കണക്കുകളാണ് മത്സ്യത്തൊഴിലാളികൾ കേരളത്തെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നതിൽ​വഹിക്കുന്ന പങ്ക് എത്രയാണെന്ന് വ്യക്തമാക്കുന്നത്.

ഇന്നലെ രക്ഷപ്പെടുത്തിയ എൺപത്തിരണ്ടായിരത്തിൽ പരം ആളുകളിൽ ഭൂരിപക്ഷത്തെയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രവർത്തനം അവർ തുടരുകയാണ്. തിരുവനന്തപുരത്തെ കടപ്പുറത്തു നിന്നടക്കം വീണ്ടും ബോട്ടുകളും തൊഴിലാളികളും ദുരന്തഭൂമിയിൽ എത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുളള​ സാമൂഹിക പ്രവർത്തകയായ മാഗ്ലിൻ പറയുന്നു. മാഗ്ലിന്റെ സഹോദൻ ​ഉൾപ്പടെയുളളയുളള രക്ഷാ ദൗത്യം നിർവഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.kerala floods

“എന്റെ സഹോദരനും മറ്റും പോയ ബോട്ട് ഇന്ന് 70 പേരെയാണ് രക്ഷപ്പെടുത്തിയത്. അവരിപ്പോൾ തുമ്പമൺ എൽ പി സ്കൂളിൽ ആണ് രാത്രി ചെലവഴിക്കുന്നത്,” എന്ന് മാഗ്ലിൻ ഫെയ്സ് ബുക്കിൽ അറിയിക്കുന്നുണ്ട്.

ഇന്നലെ മാത്രം മുന്നൂറിലധികം പേരെ രക്ഷിച്ച സംഘത്തിലുണ്ടായിരുന്ന അനു എ ജസ്റ്റ് എന്ന മത്സ്യത്തൊഴിലാളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കാര്യങ്ങളെ കൂടുതൽ വിശദമാക്കി തരുന്നു. കല്ലശ്ശേരി ഭാഗത്ത് രക്ഷാപ്രവർത്തനത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. “നമ്മൾ വിചാരിക്കുന്നതിലും കഷ്ടമാണ് ഇവിടുത്തെ അവസ്ഥ. തീരദേശത്തെ സഹോദരങ്ങളോട് പറയാനുളളത് ഇവിടെ നേവിക്കാർക്കും പട്ടാളക്കാർക്കും പ്രവർത്തിക്കാൻ പരിമിതിയുണ്ട്. അവരുടെ കാറ്റ് നിറച്ച ബോട്ടുകളിൽ കുറച്ച് പേരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുളളൂ എന്നാൽ മത്സ്യബന്ധന ബോട്ടുകളിൽ 45 പേരെയെങ്കിലും രക്ഷപ്പെടുത്താൻ കഴിയു,”മെന്നും അദ്ദേഹം പറയുന്നു.

ശശി തരൂരിന്റെ ട്വീറ്റ്

രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വിവിധയിടങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കുക, ഇന്ധന ദൗർലഭ്യമടക്കം നേരിടുന്ന അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുക, വിവരങ്ങൾ അപ്പപ്പോൾ മത്സ്യത്തൊഴിലാളികൾക്കും തിരിച്ചും ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങൾ മുൻ നിർത്തി തിരുവനന്തപുരത്തു നിന്ന് കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറം, പുല്ലുവിള ഗ്രൂപ്പ് കോർഡിനേഷൻ എന്നിവരുടെ നേതൃത്വത്തിൽ പുല്ലുവിള, പുതിയതുറ, പൂവാർ, സെന്റ്. ആൻഡ്രൂസ് തുടങ്ങിയ തീര ഗ്രാമങ്ങളിൽ നിന്ന് വിദ്യാർത്ഥികളും ചെറുപ്പക്കാരായ മത്സ്യത്തൊഴിലാളികളും അടങ്ങുന്ന 17 ബ്ലൂ വോളണ്ടിയേഴ്സ് ദുരന്തമുഖങ്ങളിലേക്ക് പോകുന്നതായി വിപിൻ ദാസ് തോട്ടത്തിൽ അറിയിച്ചു.kerala floods

കോസ്റ്റൽ​ സ്റ്റുഡൻസ് കൾച്ചറൽ ഫോറം എന്ന സംഘടനയുടെ ഭാഗമായാണ് ഈ ബ്ലൂ വോളന്റിയേഴ്സ്. ഡോ. ജോൺസൺ ക്ലമന്റും വിപിൻ ദാസുമാണ് ഇത് കോർഡിനേറ്റ് ചെയ്യുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇവർ ഇരുവരും കോ ഓർഡിനേറ്റ് ചെയ്യമ്പോൾ ലിസ്ബ യേശുദാസും ജെയ്സൺ ജോണും തിരുവനന്തപുരത്ത് നിന്നും ഈ​പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റ് ചെയ്യുമെന്ന് വിപിൻ ദാസ് പറഞ്ഞു.

ആദ്യം അടൂർ എത്തിയതായി അറിയിച്ച വിപിൻ ദാസ് രണ്ട് പേർ വീതം ഉളള എട്ട് ടീമുകളായി തിരിഞ്ഞ് ചെങ്ങന്നൂർ, പത്തനംതിട്ട, പന്തളം, ആലുവ, തിരുവല്ല തുടങ്ങി മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുന്ന ഇടങ്ങളിൽ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ​ നിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുളള സാധ്യതകൾ സൃഷ്ടിക്കുക, ഇന്ധനം നൽകുക. ഇന്ധനം എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ഞങ്ങളുടെ കൈവശം വളരെ കുറച്ച് പവർ ബാങ്കുകൾ, എക്സ്ട്രാ ബാറ്ററി, ഫസ്റ്റ് എയ്ഡ്, വളരെ കുറച്ചു ഭക്ഷണം തുടങ്ങിയവയുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം ഇതിലൂടെ കുറേക്കൂടെ കാര്യക്ഷമമാക്കാൻ​സാധ്യമാകുമെന്ന് കരുതുന്നതായി വിപിൻ ദാസ് പറഞ്ഞു.  അപ്ഡേറ്റുകൾ #BlueVolunteers എന്ന ഹാഷ്ടാഗിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുനാമിയും ഓഖിയും തകർത്തെറിഞ്ഞ ദുരന്തത്തിന്റെ തിരമാലകളെ മറികടന്ന ജീവിതത്തിന്റെ കരയിലെത്തിയ​അനുഭവത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും കരുത്തിലാണ് മത്സ്യത്തൊഴിലാളികൾ കേരളത്തെ കൈ പിടിച്ച് കരയ്ക്ക് അടുപ്പിക്കുന്നത്. മീൻ പിടുത്ത വളളങ്ങളിൽ തങ്ങളുടെ സഹജീവികളുടെ ജീവിതം തിരികെ പിടിക്കുകയാണ് അവർ. വെളളത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ഒരു ജനതയെ കൈ പിടിച്ച് ഉയർത്തുന്ന കാഴ്ചയ്ക്കാണ് കേരളം മാത്രമല്ല, ലോകം തന്നെ സാക്ഷ്യം വഹിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ