തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ കനത്തു പെയ്യുന്ന മഴയുടെ ശക്തിയില്‍ അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ നേരിയ കുറവുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി).

“നിലവില്‍ കേരള പ്രദേശത്ത് ‘സര്‍ക്കുലേഷന്‍ സിസ്റ്റംസ്’ ഒന്നുമില്ലാത്തതിനാല്‍ ഓഗസ്റ്റ്‌ 16, 17 തീയതികളില്‍ മഴയുടെ ശക്തി കുറയാനുള്ള സാധ്യതകള്‍ ഏറെയാണ്‌. എന്നാല്‍ കാലാവസ്ഥാ മോഡലുകള്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചില പുതിയ ന്യൂനമര്‍ദ്ദ രൂപീകരണത്തിന്റെ സൂചനകളും നല്‍കുന്നുണ്ട്. ഇതിനാല്‍ ഓഗസ്റ്റ്‌ 19ന് ശേഷം കേരളത്തിലും മറ്റു പെനിൻസലർ മേഖലകളിലും കൂടുതല്‍ മഴ ഉണ്ടായേക്കാം”, ഐഎംഡിയുടെ ക്ലൈമറ്റ് മോണിറ്ററിങ് ആന്‍ഡ്‌ അനാലിസിസ് വകുപ്പ് എംഡി, എ.കെ.ശ്രീവാസ്തവ പറഞ്ഞു.

അറബിക്കടലില്‍ നിന്ന് 35 – 45 knots/hour കണക്കില്‍ വരുന്ന പശ്ചിമാഭിമുഖമായ കാറ്റാണ് ഈ മഴക്കാലത്തിന്റെ ഏറ്റവും സുസ്ഥിരവും ശ്രദ്ധേയവുമായ ഘടകം.

മഹാരാഷ്ട്രയിലെ വിദര്‍ഭ, അയല്‍പ്രദേശമായ മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു രൂപപ്പെട്ടിരിക്കുന്ന ഡിപ്രഷന്‍ ആണ് പശ്ചിമ തീരത്ത് നിന്ന് വരുന്ന കാറ്റിനെ സ്വാധീനിക്കുന്നത് എന്ന് കരുതപ്പെടുന്നു.

“ഇത്തരം ആക്റ്റീവ് സിസ്റ്റങ്ങളുടെ സാന്നിധ്യം കാറ്റിന്‍റെ വേഗത്തിനും ഗതിയ്ക്കും ആക്കം കൂട്ടും. കാറ്റ് കരയിലേക്ക് കൂടുതല്‍ ശക്തിയോടെ എത്തും. ഇതാണ് കേരളത്തില്‍ പെയ്യുന്ന ശക്തമായ മഴയുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. ഇതല്ലാതെ ഇത്തരത്തില്‍ മഴ പെയ്യാനുള്ള കാരണമായി ഈ പ്രദേശത്ത് റ്റ്റോഫോ, സൈക്ലോണിക്ക് സര്‍ക്കുലേഷനോ ഒന്നും തന്നെയില്ല”.

ഓഗസ്റ്റ്‌ 15 ലെ കാലാവസ്ഥ അടിസ്ഥാനപ്പെടുത്തി ഓഗസ്റ്റ്‌ 16ന് ഐഎംഡി പ്രസിദ്ധീകരിച്ച എക്സ്ടെന്റ്ഡ്‌ പ്രഡിക്ഷന്‍ പ്രകാരം ഓഗസ്റ്റ്‌ 22 വരെ കേരളത്തില്‍ സാധാരണയില്‍ കൂടുതലായി മഴ പെയ്യും. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലും ഇത്തരത്തില്‍ മഴയുണ്ടാകുമെന്നും ഐഎംഡി റിപ്പോര്‍ട്ട്‌ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.