/indian-express-malayalam/media/media_files/uploads/2019/08/Kerala-Flood-1.jpg)
Kerala Rain Weather: കൊച്ചി: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 84 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. നിലമ്പൂരിലെ കവളപ്പാറയിൽ നിന്ന് ഇന്ന് ആറ് മൃതദേഹം ലഭിച്ചു. ഇതോടെ കവളപ്പാറയിലെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി. വയനാട് പുത്തുമലയിൽ മരിച്ചവരുടെ എണ്ണം പത്തായി. അവശേഷിക്കുന്നവർക്കായി തെരച്ചിൽ തുടരുന്നു.
ആശങ്ക പരത്തി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, അതിതീവ്രമഴ ഉണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാമ്പുകളിലായി 2,51,831 പേര്‍ കഴിയുന്നു. 73,076 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ് 313. തൃശൂര്‍ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേര്‍ ക്യാംപുകളില്‍ കഴിയുന്നു.
കേരളത്തിലാകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു.
Read Here: രാഹുൽ ഗാന്ധി കേരളത്തിലെത്തി; നിലമ്പൂരും കവളപ്പാറയും സന്ദർശിച്ചു
Live Blog
Kerala Floods, Weather Kerala, Heavy Rain, Red Alert
കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം എന്നീ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നാളെ അവധിയായിരിക്കും. കേരള, എംജി യൂണിവേഴ്‌സിറ്റികള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നു. ലക്ഷദ്വീപിലും പലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. കോട്ടയം ജില്ലയിലെ വൈക്കത്ത് 6 സെന്റിമീറ്റർ മഴ ലഭിച്ചു. ചെങ്ങന്നൂർ, എനമക്കൽ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ അഞ്ച് സെന്റീമീറ്ററും മഴ ലഭിച്ചു. ഓഗസ്റ്റ് 12 മുതൽ 16 വരെയുളള 5 ദിവസം കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ഒട്ടുമിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ ശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 12, 13 തീയതികളിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ചൊവ്വാഴ്ച) ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട് ജില്ലയും മലപ്പുറം ജില്ലയിലെ ഭൂദാനവും പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്ടര്‍, റോഡ് മാര്‍ഗം എന്നിങ്ങനെയായിരിക്കും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ദുരന്ത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ക്യാംപ് നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി. അതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള കുപ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലേറെ രൂപ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ലഭിച്ച കണക്കനുസരിച്ച് 1.27 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടർച്ചയായി മഴപെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി.
വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ എംപി രാഹുൽ ഗാന്ധി ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നു pic.twitter.com/CrbnUwIQem
— IE Malayalam (@IeMalayalam) August 12, 2019
എറണാകുളം കളക്ടറേറ്റിലെ സംഭരണകേന്ദ്രത്തില്‍ സാധനങ്ങള്‍ ശേഖരിക്കുന്ന വളണ്ടിയർമാർ. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് ആളുകള്‍ മുന്നിട്ടിറങ്ങുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ക്യാംപുകളിലും കളക്ഷന്‍ സെന്‍ററുകളിലും ആളുകളും സാധനങ്ങളും എത്തുന്നത് കുറവായിരുന്നു. എന്നാല്‍ ഇന്നലെ വെെകിട്ടോടെ സെന്‍ററുകള്‍ സജീവമായി മാറിയിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13-08-2019) അവധി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ മഴയുടെ അളവ് നന്നായി കുറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ പലയിടത്തും മഴ പെയ്തെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ്.
കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി. വയനാട് ജില്ലയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ താന്‍ വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും ആശങ്കപ്പെടരുതെന്നും പറഞ്ഞു.മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിലും വീടുകള്‍ ശുചിയാക്കുന്നതിലും ചികിത്സയിലും എല്ലാ വിധ സഹായങ്ങളുമുണ്ടാകമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്ലാ മനുഷ്യരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ പ്രകൃതി ദുരന്തത്തെ കുറിച്ച് എംപി എന്ന നിലയില്‍ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും രാഹുല്‍ പറഞ്ഞു. പ്രകൃതി ദുരന്തം സാമ്പത്തിക രംഗത്തെ തളര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു. ഫറൂഖ് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പാതയില്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. പ്രളയത്തിനിടെ കുലംകുത്തിയൊഴുകിയ ചാലിയാര്‍ പാലത്തിന്‍റെ ഡെയ്ഞ്ചര്‍ സോണിന് മുകളിലൂടെ ഒഴുകിയിരുന്നു. ട്രാക്കിലടക്കം വെള്ളം കയറുകയും പാലത്തിന് താഴെ മരങ്ങളും മറ്റു മാലിന്യങ്ങളും വന്നടിയുകയും ചെയ്തതോടെ റെയില്‍വേ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു.
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 14 ആയി. 63 പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
പ്രളയത്തില്‍ തകരാറിലായ മൂന്നാറിനെയും-മറയൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയവര പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തു. നേരത്തേ പ്രളയത്തില്‍ പെരിയവര താല്‍ക്കാലിക പാലം ഒലിച്ചുപോയെന്നു കരുതിയിരുന്നുവെങ്കിലും പാലത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒഴുകിപ്പോകാതിരുന്നതാണ് പാലത്തിന്റെ പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു സഹായകരമായത്.
ഇരട്ടയാര്‍, കല്ലാര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്റെ ഉയരം 50 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസര്‍വോയറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും റിസര്‍വോയറില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും ഇപ്പോള്‍ സ്ഥിര ഗതിയിലാണ്
മഴ ദുരിതം വിതച്ച വയനാട്ടില്‍ എംപി രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. താമരശ്ശേരിയിലും രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്നലെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രാഹുല്‍ എത്തിയിരുന്നു. വയനാട് മേപ്പാടിയിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. പനമരം, മീനങ്ങാടി, മുണ്ടേരി എന്നിവിടങ്ങളിലും രാഹുല്‍ എത്തും. പ്രളയത്തില്‍ നിന്നും നാടിനെ കരകയറ്റുവാന്‍ എല്ലാ സഹായവുമുണ്ടാകുമെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു.
പറശ്ശിനി മടപ്പുരയിലെ വെള്ളം പൂർണ്ണമായും ഇറങ്ങി. പറശ്ശിനിമടപ്പുര കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളും ജീവനക്കാരും ചേർന്ന് ക്ഷേത്രത്തിനകവും പരിസരവും വൃത്തിയാക്കി.. ഞായറാഴ്ച സന്ധ്യയ്ക്ക് ദീപാരാധന നടന്നു.. 14/08/19 ഉച്ചയ്ക്ക് 12 മണിയോടെ നടക്കുന്ന കലശാട്ടത്തോടു കൂടിയേ ഭക്തജനങ്ങൾക്ക് ഇനി മടപ്പുരയ്ക്കകത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ. 15/08/19 ന് നിറ ആണ്. 17/08/19 സന്ധ്യയ്ക്ക് വെള്ളാട്ടം ആരംഭിക്കും. 18/08/19രാവിലെ മുതൽ തിരുവപ്പന വെള്ളാട്ടം ആരംഭിക്കും...
കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് നാനൂറിലധികം വീടുകളിൽ വെള്ളം കയറി. കൈനകരി പഞ്ചായത്തിലാണ് അതിരൂക്ഷമായ മടവീഴ്ചയുണ്ടായത്. 550 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു. നാലായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ മരണം 13 ആയി.മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരിൽ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഗീതുവിന്റെ ഭർത്താവ് ശരത്തിന്റെ അമ്മ സരോജിനിയെ ഇനി കണ്ടെത്താനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights