‘ഞങ്ങളുടെ നാളെയല്ല, നാടിന്റെ ഇന്നാണ് വലുത്’; അച്ഛന്‍ നല്‍കിയ ഒരേക്കര്‍ ഭൂമി നാടിന് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

മക്കളുടെ ഈ നല്ല മനസിന് അച്ഛന്‍ ശങ്കരനും പൂര്‍ണ്ണ പിന്തുണയാണ്. മക്കള്‍ക്ക് അങ്ങനൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്

നാട് ദുരിതക്കയത്തില്‍ നിന്നും പതിയെ കരകയറുകയാണ്. പലരും ഇനിയും ഒറ്റപ്പെട്ടു കഴിയുന്നുണ്ട്, ക്യാംപുകളില്‍ ജീവിതത്തെ നോക്കി കണ്ണ് ചിമ്മാതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷയുടെ തിരിനാളം പല വാര്‍ത്തകളായി എത്തുന്നു. ഓരോ നിമിഷവും നമ്മള്‍ അതിജീവിക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന വാര്‍ത്തകള്‍ പല കോണില്‍ നിന്നും ഉയരുന്നു. അത്തരത്തില്‍ പ്രതീക്ഷയുടെ കിരണമായി മാറുകയാണ് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.

പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കേരള ജനതയുടെ കണ്ണ് നനയിക്കുന്നത്. തനിക്കും കുഞ്ഞനുജനുമായി അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് സ്വാഹ എന്ന കൊച്ചു മിടുക്കി. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ആളുകള്‍ പരസ്പരം തല്ലാനും കൊല്ലാനും മടിക്കാത്തത് കണ്ടിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് സ്വാഹ ഒരേക്കര്‍ ഭൂമി നാടിന് വേണ്ടി വിട്ടു കൊടുക്കുന്നത്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ശങ്കരന്റേയും വിധുബാലയുടേയും മകളാണ് സ്വാഹ. തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും നല്ല ഭാവി സ്വപ്‌നം കണ്ട് അച്ഛന്‍ മാറ്റിവച്ച സ്ഥലമാണ് സ്വാഹ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയിരിക്കുന്നത്. പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്താണ് ഒരേക്കര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. മാര്‍ക്കറ്റ് വില 50 ലക്ഷം രൂപ വരുമെന്നാണ് കണക്ക് കൂട്ടുന്നത്. കേരള ജനത ഇത്ര കഷ്ടപ്പെടുമ്പോള്‍ തങ്ങളാലാകുന്ന സഹായം എന്ന നിലയിലാണ് സ്വാഹ സ്ഥലം സംഭാവനയായി നല്‍കിയത്.

ഇതു സംബന്ധിച്ച് സ്വാഹ സ്‌കൂളിലെ പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. മക്കളുടെ ഈ നല്ല മനസിന് അച്ഛന്‍ ശങ്കരനും പൂര്‍ണ്ണ പിന്തുണയാണ്. മക്കള്‍ക്ക് അങ്ങനൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.

സ്വാഹയുടെ കത്തിന്റെ പൂര്‍ണരൂപം

‘അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നല്ല’ നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods plus one student donates her land to cm flood relief fund

Next Story
9946 992 995: മെഡിക്കൽ സഹായത്തിന് കൊച്ചിയിൽ കേന്ദ്രീകൃത ഹെൽപ്‌ലൈൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com