തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി ഉന്നതതല സമിതിയോഗം വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. കത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടത്.

ആഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരാണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂവെന്ന് കത്തില്‍ പറയുന്നു.

രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്ന് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 2,683.18 കോടി രൂപയാണ്. ഇതുവരെ ചെലവഴിച്ചത് 688.48 കോടി രൂപ. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യുഎന്‍ ഏജന്‍സികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും.

ശാസ്ത്രീയമായ പഠനങ്ങളുടെയും പ്രവാസികളുള്‍പ്പെടെ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളില്‍ അറിവും പരിചയവും അനുഭവവും ഉള്ളവരുടെയെല്ലാം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോകാത്ത നിര്‍മ്മാണങ്ങളാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മ്മാണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ