തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ബക്രീദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്ക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികള്‍ക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വലിയ പെരുന്നാള്‍ എന്നത് ആഘോഷത്തേക്കാള്‍ ഉപരി ഒത്തൊരുമയുടെയും, ഒന്നിച്ചു നില്‍ക്കലിന്റെയും സമയം കൂടിയാവുകയാണ്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപെട്ടവരെ ഓര്‍ത്തു കൊണ്ടും, അവരെ പ്രാർഥനകളില്‍ ചേര്‍ത്ത് കൊണ്ടുമാവും ഓരോ വിശ്വാസിയും ഇന്ന് ഈദുല്‍-അദ്ഹ നമസ്കാരം നടത്തുക.
സംസ്ഥാനത്ത് കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായര്‍ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാമ്പുകളിലായി 2,51,831 പേര് കഴിയുന്നു. 73,076 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ്, 313. തൃശൂര്‍ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേര് ക്യാംപുകളില്‍ കഴിയുന്നു.
കേരളത്തിലാകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.