തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ അതിജീവിക്കാനുളള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ലോകബാങ്കിന്റെ സഹായം തേടും. ഇത് സംബന്ധിച്ച ചർച്ചകൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് അറിയുന്നു.

രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കേരളത്തിന് വായ്‌പയായി കുറഞ്ഞ പലിശ നിരക്കിൽ തുക നൽകാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളം ലോകബാങ്കിനെ സമീപിക്കാൻ ഒരുങ്ങുന്നത്.

അതേസമയം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയ പ്രതിനിധികൾ കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനകാര്യ സെക്രട്ടറി ഹസ്‌മുഖ് ആദിയയുമാണ് കേരളത്തിലെത്തുക.

കടമെടുക്കാനുളള സംസ്ഥാനത്തിന്റെ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ കേരളം വയ്ക്കും. നേരത്തെ ജിഎസ്‌ടിയുടെ നികുതിവിഹിതം അടുത്ത രണ്ട് വർഷത്തേക്ക് ഉയർത്തണമെന്ന് കേന്ദ്രസർക്കാരിന് മുന്നിൽ കേരളം അഭ്യർത്ഥന സമർപ്പിച്ചു.

കേന്ദ്രസർക്കാർ കേരളത്തിലെ പ്രളയത്തിന് അടിയന്തിര സഹായം എന്ന നിലയിൽ 600 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇത് അഡ്വാൻസ് ആണെന്നും കൂടുതൽ കേന്ദ്രസഹായം എത്തുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് ഉറപ്പുനൽകിയിരുന്നു. അതേസമയം കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ഒരു മാസത്തെ വേതനം നൽകാനുളള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയോട് അനുകൂല പ്രതികരണമാണ് ഉണ്ടാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.