നരേന്ദ്ര മോദി പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് പിണറായി വിജയൻ

പറഞ്ഞ വാക്കിന് വിലയില്ലായാല്‍ ഏത് സ്ഥാനത്തിനിരുന്നിട്ട് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു

Kerala Floods UAE 700 Crores Pinarayi Vijayan
Kerala Floods UAE 700 Crores Pinarayi Vijayan

ദുബായ്: കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ പറഞ്ഞ വാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ വാക്കിന് വിലയില്ലായാല്‍ ഏത് സ്ഥാനത്തിനിരുന്നിട്ട് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.

പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.
പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസ്സിലാകാത്ത നിലപാട് സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനർനിർമ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods pinarayi vijayan criticise narendra modi

Next Story
ആചാരം ലംഘിച്ചാൽ നട അടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ട്; പിന്തുണച്ച് മാളികപ്പുറം മേൽശാന്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com