തിരുവന്തപുരം: യുഎഇയുടെ ധനസഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടാണ് സംസാരിച്ചതെന്നും സഹായം സ്വീകരിക്കണമോ എന്നത് കേന്ദ്രം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയോട് കേരളത്തിന് 100 മില്യണ്‍ ഡോളര്‍ നല്‍കുന്നതിനെ കുറിച്ച് യുഎഇ ഭരണാധികരി സംസാരിച്ചിരുന്നുവെന്നും അദ്ദേഹമാണ് തന്നെ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎഇയുടെ സഹായതത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി.

അതേസമയം, ദുരിതാശ്വാസ ക്യാംപുകളില്‍ നിലവില്‍ 869124 പേരാണ് ഉള്ളത്. 2287 ക്യാംപുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീട് നവീകരിക്കുന്നതിനും മറ്റുമായി 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതത് ക്യാംപുകളിലുള്ള റവന്യൂ ഉദ്യേഗസ്ഥര്‍ക്കായിരിക്കും ഇതിന്റെ ചുമതല. പ്രളയത്തില്‍ 7000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും 50000 ത്തോളം വീടുകള്‍ ബാഹികമായും തകര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളിലേക്ക് മടങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ വിധ സഹായങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടേയും മറ്റും വിവരങ്ങള്‍ ശേഖരിക്കാന്‍ വിവര സാങ്കേതിക വകുപ്പുമായി ചേര്‍ന്ന് പുതിയ ആപ്പ് തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും സഹായത്തോടെയായിരിക്കും വിവരങ്ങള്‍ ശേഖരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി സര്‍ക്കാര്‍ വെബ്ബ് സൈറ്റില്‍ പ്രത്യേക അപേക്ഷാ ഫോറം ഉണ്ടായിരിക്കുന്നതാണ്. നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സൗജന്യമായി ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ദുരന്തം അനുഭവിച്ച എല്ലാവരും ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആപ്പിലേക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് തദ്ദേശ ഭരണകൂടങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടേയും സേവനം തേടാവുന്നതാണ്.

രക്ഷാപ്രവര്‍ത്തനത്തോളം തന്നെ പ്രധാന്യമുള്ളതാണ് ശുചീകരണ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വീടുകളിലേക്ക് മടങ്ങി ചെല്ലുന്നവര്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിച്ച് സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പൊതുവായ ഇടം തദ്ദേശ ഭരണകൂടങ്ങള്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്ന സാഹചര്യമുണ്ടാകരുത്. അങ്ങനെ ചെയ്താല്‍ അത് ജനങ്ങള്‍ക്ക് തന്നെ പ്രതികൂലമായി ബാധിക്കും. മാലിന്യ സംസ്‌കരണത്തിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായവും ആവശ്യപ്പെടാം. റീസൈക്ലബിള്‍ അല്ലാത്ത മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചതിന് ശേഷം ശരിയായ രീതിയില്‍ സംസ്‌കരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് ക്ലീന്‍ കേരളയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ പ്രധാനപ്പെട്ടതാണ് പുനരധിവാസ പ്രവര്‍ത്തനമെന്നും അതിനായി വിദഗ്ധരായ തൊഴിലാളികളുടെ സേവനം ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിനായി തൊഴിലാളി സംഘടനകളുടെ സേവനം ആവശ്യപ്പെടാം. അതത് പ്രദേശത്തെ തൊഴിലാളി സംഘടനകളുമായി തദ്ദേശ ഭരണകൂടം ഇതിനായി ബന്ധപ്പെടണം. അതുപോലെ തന്നെ ഏറെ പ്രധാനപ്പെട്ട മറ്റൊന്നാണ് നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പ്. ഇതിനായി വിവിധ വകുപ്പുകളും വിവരസാങ്കേതിക വകുപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. നഷ്ടപ്പെട്ട രേഖകള്‍ വ്യക്തിക്കളുടെ പേര്, വിലാസം, വയസ്, ഫിംഗര്‍പ്രിന്റ് തുടങ്ങിയവ ഉപയോഗിച്ച് സര്‍ക്കാര്‍ ഡാറ്റ ബെയ്‌സില്‍ നിന്നും വീണ്ടെടുക്കാനായിരിക്കും ശ്രമിക്കുക. ഇതിനായി എല്ലാ വകുപ്പുകളും ഡാറ്റകള്‍ വിവരസാങ്കേതിക വകുപ്പുമായി കൈമാറണം. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വാര്‍ഡില്‍ രേഖകളുടെ വീണ്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കാന്‍ ബാങ്കുകളുമായി ചേര്‍ന്ന് നടപടികള്‍ കൈക്കൊണ്ട് വരികയാണ്. കൃഷി പുനരാരംഭിക്കേണ്ടതുണ്ടെന്നും അതിനായി വേണ്ട സഹായം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് ലഭിക്കാനും കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ രംഗത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തിയെന്നും വായ്പകള്‍ തിരിച്ചടിക്കുന്നതിന് ഒരു വര്‍ഷത്തെ മോറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചെറുകിട വ്യവസായത്തിനും ഭവന നിര്‍മ്മാണത്തിനുമുള്ള വായ്പകള്‍ക്കും ഒരു വര്‍ഷം മോറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മാര്‍ജിന്‍ തുകയുണ്ടാകില്ല. കുട്ടികളുടെ പഠനം പുനരാരംഭിക്കേണ്ടതുണ്ടെന്നും അവരുടെ ദൈന്യത മുഖത്തു നിന്നും വായിച്ചെടുക്കാവുന്നതാണെന്നും പറഞ്ഞ മുഖ്യമന്ത്രി ഇതിനായി വിദ്യാലയങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 535 കോടിയാണെന്നും ഭാരത് പെട്രോളിയം 25 കോടിയും ഇന്ത്യന്‍ ബാങ്ക് നാല് കോടിയും സംഭാവന ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സഹായ ഹസ്തവുമായി നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സഹായ മനസ്ഥിതി എല്ലാവരിലും ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകളുടെ നല്ല മനസിനെ ചൂഷണം ചെയ്യുന്നത് സമ്മതിക്കില്ലെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന മാനിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താക്കി. അതുപോലെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര-സംസ്ഥാന, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ സംഭാവന ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.