Kerala Floods: പത്തനംതിട്ട ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്.

മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആര്‍മിയുടെ പതിമൂന്നും എന്‍ഡിആര്‍ഫിന്റെ മുപ്പതും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉള്‍പ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഐടിബിപിയുടെയും ആര്‍മിയുടേയും സേനാംഗങ്ങള്‍ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവര്‍ കൊണ്ടുവന്ന പരിമിതമായ ബോട്ടുകള്‍ മാത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. തുടര്‍ന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്.

Kerala Floods: ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറില്‍ ഒരു സമയം മാറ്റുവാന്‍ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. വലിയ ബോട്ടുകള്‍ക്ക് അടുക്കുവാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വള്ളങ്ങള്‍ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂര്‍ണമായി തകരുകയും ആറു ബോട്ടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

22 ഹെലികോപ്റ്റർ, 83 നേവി ബോട്ടുകൾ, 169 എൻ.ഡി.ആർ.എഫ് ടീമുകളും ബോട്ടുകളും, അഞ്ച് ബി.എസ്.എഫ് സംഘം, കോസ്റ്റ് ഗാർഡിന്റെ 35 ടീമും ബോട്ടും, ആർമി എഞ്ചിനീയറിംഗിന്റെ 25 സംഘം, ഫയർ ആൻറ് റസ്‌ക്യൂവിന്റെ 59 ബോട്ടുകൾ, തമിഴ്‌നാട്, ഒറീസ ഫയർ ആൻറ് റസ്‌ക്യൂ ടീമുകൾ, 600 മത്‌സ്യത്തൊഴിലാളി ബോട്ടുകൾ, 40,000 പോലീസ് സേനയും അവരുടെ ബോട്ടും, 3200 ഫയർ ആൻറ് റസ്‌ക്യൂ ജീവനക്കാർ എന്നിവർ ശനിയാഴ്ച രംഗത്തുണ്ടായിരുന്നു. ഇതിനു പുറമേയാണ് ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും നൽകുന്ന പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇന്ന് സൈന്യം ല രക്ഷപ്പെടുത്തിയെടുത്തത് 2230 പേരെയാണ്. 2110 ആളുകളെ ബോട്ടുപയോഗിച്ചും 120 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ചുമാണ് രക്ഷപ്പെടുത്തിയെടുത്തത്.
സംസ്ഥാനത്ത് വെളളിയാഴ്ച 82,442 പേരെയാണ് രക്ഷപ്പെടുത്തിയത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇതിൽ നാന്നൂറോളം പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. അതായത് കഴിഞ്ഞ രണ്ട് ദിവസത്തിനുളളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ​നിന്നായി രക്ഷപ്പെടുത്തിയത് ഒന്നരലക്ഷത്തോളം പേരെയാണ്. (1,40, 948 പേരെ). ഇതിൽ സൈന്യം രക്ഷപ്പെടുത്തിയത് അയ്യായിരത്തോളം പേരെയാണെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റുളള ഒരുലക്ഷത്തിമുപ്പതിനായിരത്തിലേറെ പേരിൽ​ ഭൂരിപക്ഷത്തെയും രക്ഷപ്പെടുത്തിയത് ഈ മത്സ്യത്തൊഴിലാളികളാണെന്നാണ് രക്ഷാപ്രവർത്തനരംഗത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. അവരുടെ പങ്ക് കഴിഞ്ഞാൽ പ്രാദേശിക തലത്തിലുളള രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിൽ വലിയൊരു പങ്ക് വഹിച്ചതെന്നും അവർ പറയുന്നു.

Read More: Kerala Floods: കേരളത്തെ ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ