/indian-express-malayalam/media/media_files/uploads/2018/08/pinarayi-2.jpg)
തിരുവനന്തപുരം: പ്രതിസന്ധിയില്‍ നമ്മളില്‍ ഒരാളായി നിന്നാണ് സേനാവിഭഗങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സ്നേഹം ഏറ്റുവാങ്ങിയാണ് അവര്‍ യാത്രയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവരുടെ ജീവിതത്തിലെ അവിസ്മരണീയ അംഗീകാരം നല്‍കിയാണ് നമ്മള്‍ യാത്രയാക്കിയതും. എന്തിനേയും അതിജീവിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവരുടെ രക്ഷാപ്രവര്‍ത്തനത്തിലെ ഇടപെടല്‍. അവരുടെ അര്‍പ്പണബോധത്തെ കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'പുനരധിവാസത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനായി കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി. നാം പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ വലുതാണ് നമ്മുടെ നഷ്ടം. വീടുകളിലേക്ക് തിരിച്ചു പോവുന്നവര്‍ അവര്‍ ഇറങ്ങി വന്ന വീടിന്റെ അവസ്ഥയിലേക്കല്ല പോകുന്നത്. ഒന്നുമില്ലാത്ത ഒരിടത്തേക്കാണ് കയറി ചെല്ലേണ്ടത്. പ്രാഥമികമായ സൗകര്യം ഒരുക്കാന്‍ ഇടപെടണമെന്ന് കലക്ടാര്‍മാരോട് നിര്‍ദേശിച്ചു. ഓരോ കുടുംബത്തിനും 10,000 രൂപ ബാങ്ക് പ്രവര്‍ത്തിക്കുന്ന ദിനം തന്നെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. കമ്പനികളുമായി ചീഫ് സെക്രട്ടറി വീണ്ടും കൂടിക്കാഴ്ച്ച നടത്തും മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണം. മാലിന്യം പുഴയില്‍ തളളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കന്നുകാലികള്‍ക്ക് നല്ല തീറ്റ നല്‍കണം ജില്ലാ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ച് തീറ്റകള്‍ കൈപറ്റാം. ചത്ത നാല്‍ക്കാലികളുടെ ജഡം ഇനിയും മറവ് ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യണം. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാവണം. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെളളം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.
'പുനരധിവാസത്തിന് സര്‍ക്കാരും സന്നദ്ധസംഘടനകളും എണ്ണയിട്ട യന്ത്രം കണക്കെയാണ് പ്രവര്‍ത്തിക്കുന്നത്. വീട് വൃത്തിയാക്കാന്‍ യുവാക്കളുടെ പങ്ക് വളരെയധികം വലുതാണ്. ഒരുപാട് പേര്‍ ഇതിന് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും നമുക്ക് യുവാക്കളെ ആവശ്യമുണ്ട്. എവിടെ ജോലി ചെയ്യുന്ന മലയാളിയായാലും പുനര്‍നിര്‍മ്മാണ് പ്രക്രിയയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണം. ഒരുമിച്ച് നല്‍കേണ്ട, മൂന്ന് ദിവസത്തെ ശമ്പളം ഒരു മാസം നല്‍കുക. 10 മാസം കൊണ്ട് 30 ദിവസത്തെ ശമ്പളമാകും. പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് എല്ലാവര്‍ക്കും പങ്കാളികളാകാം. നമ്മുടെ നാട്ടിലെ നഴ്സറി ക്ലാസിലെ കുഞ്ഞ് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയാണ് ഇതില്‍ പങ്കാളികളാകുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന് കരുത്ത് പകരാന്‍ സുപ്രിംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ഫണ്ട് സ്വരൂപിക്കാന്‍ ഡല്‍ഹിയില്‍ പാട്ട് പാടിയത് അഭിനന്ദനീയമാണ്. കേരളത്തിന്റെ ദുരിതത്തില്‍ ഓരോരുത്തരും പതിവ് രീതികള്‍ വിട്ട് മുന്നോട്ട് വരുന്നത് പുനര്‍നിര്‍മ്മാണത്തിന് പ്രതീക്ഷ നല്‍കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഇത്തരം കാര്യങ്ങള്‍ പ്രചോദനവും കരുത്തുമായി മാറും', പിണറായി വിജയന്‍ വ്യക്തമാക്കി.
'മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് നടത്തുന്ന ചര്‍ച്ച വലിയ തോതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പല മാധ്യമങ്ങളും ഫണ്ട് സ്വരൂപക്കാന്‍ അടക്കം പ്രവര്‍ത്തിച്ചു. സമ്പന്നര്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും പങ്ക് നല്‍കി കേരളത്തെ സഹായിക്കാനായി മുന്നോട്ട് വരണം. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണെന്ന് ചരിത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ നമുക്കാവും. കേരളവും ഇന്ത്യയും മാത്രമല്ല, ലോകമാകെ നമ്മളെ പിന്തുണയ്ക്കുന്നു എന്നത് പ്രചോദനമാണ്. മാധ്യമങ്ങളും ആ പാതയില്‍ തന്നെ ഉറച്ച് നിന്നിട്ടുണ്ട്. ഇനിയും ആ പിന്തുണ പ്രതീക്ഷിക്കുകയാണ്', മുഖ്യമന്ത്രി വിശദീകരിച്ചു. വിമര്‍ശനത്തിന് വേണ്ടിയുളള വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us