തിരുവനന്തപുരം: കേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണം ഡാമുകൾ അനിയന്ത്രിതമായി മുന്നറിയിപ്പുകളില്ലാതെ തുറന്നതുകൊണ്ടു തന്നെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘യാതൊരു മുന്നൊരുക്കവും ഇല്ലാതെ സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നുവിട്ടതാണ് പ്രളയത്തിന്‍റെ പ്രധാന കാരണം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും സർക്കാർ സംവിധാനമൊന്നും ഉണർന്നു പ്രവർത്തിച്ചില്ല. ഇടുക്കിയിൽ മാത്രമാണ് മുന്നൊരുക്കങ്ങൾ നടന്നത്. അവിടെ കലക്ടർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബാക്കി ഒരിടത്തും ഒരുവിധ കൂടിയാലോചനയും നടത്താതെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ ഡാമുകളിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂർ, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ മുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘വൈദ്യുതി വകുപ്പ് നാഥനില്ലാ കളരിയായി. ദുരന്ത സമയത്ത് മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര ഒഴിവാക്കാമായിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. എങ്കിൽ മരണസംഖ്യ ഇതിലും കുറയ്ക്കാമായിരുന്നു. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയെ മാറ്റിയിട്ട് അവിടെ അവരെ പ്രതിഷ്ഠിക്കാനല്ല. രക്ഷാപ്രവർത്തനം ഊർജിതമാക്കാനായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടാണ് ഡാമുകൾ തുറന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ അലർട്ടുകൾ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊരിടത്തും ജനങ്ങളറിഞ്ഞില്ല. ആലുവ, കാലടി, പെരുമ്പാവൂർ, പറവൂർ, ചാലക്കുടി, വൈക്കം, ചെങ്ങന്നൂർ ഭാഗങ്ങളിൽ മുന്നറിയിപ്പുണ്ടായില്ല. വയനാട്ടിലെ ബാണാസുര സാഗർ മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്നാണ് ജില്ലാ കലക്ടർ പറഞ്ഞത്. ഡാമുകളുടെ മാനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണം. ഭരണകൂടത്തിന് പറ്റിയ വീഴ്ചയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

‘രക്ഷാദൗത്യം ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു. അതിന് ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. പ്രളയക്കെടുതിയിൽ കൂടുതൽ കേന്ദ്ര സഹായം നേടിയെടുക്കാൻ ആവശ്യമെങ്കിൽ സർവകക്ഷി സംഘം ഡൽഹിയിൽ പോകണം. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ സഹായം ലഭിക്കൂ. യുഎഇ സർക്കാർ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അത് വാങ്ങാൻ മടിക്കേണ്ടതില്ല. എഡിബിയിൽ നിന്നോ ലോകബാങ്കിൽ നിന്നോ വായ്പ എടുക്കുന്നതിനും പ്രതിപക്ഷം എതിരല്ല. രാജ്യാന്തര നാണ്യനിധിയിൽ നിന്ന് സഹായം ലഭിക്കുമെങ്കിൽ അത് സ്വീകരിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.