തിരുവനന്തപുരം: മുഖ്യമന്ത്രി പോലും ഇല്ലാതെ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മുന്‍കാലങ്ങളിലെല്ലാം മുഖ്യമന്ത്രിമാര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ ഒരാളെ ചുമതല ഏല്‍പ്പിക്കും. ഇവിടെ രണ്ടാഴ്ചയായി മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ ഇത്തരത്തില്‍ പെരുമാറില്ലെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുനാമി വന്നു. അന്നൊക്കെ എല്ലാ ദിവസവും ഉന്നതതലയോഗം ചേരാറുണ്ട്. മന്ത്രിസഭാ ഉപസമിതി എടുക്കുന്ന ഒരു തീരുമാനവും നിയമപരമായി ബലമുളളതല്ല. മന്ത്രിസഭ എടുക്കേണ്ട തീരുമാനങ്ങള്‍ ഉപസമിതി എടുത്താല്‍ അതിന് നിയമപരമായി യാതൊരു പ്രസക്തിയും ഇല്ല’, ചെന്നിത്തല കുറ്റപ്പെടുത്തി.

‘കേരളത്തിന്റെ ഭരണരംഗത്ത് നിശ്ചലാവസ്ഥയാണ്. ആരും ചോദിക്കാനില്ലാത്തത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. പതിനായിരം രൂപ ലഭിക്കാന്‍വരെ വെള്ളപ്പൊക്ക ദുരന്തത്തില്‍ പെട്ടവര്‍ ഓടി നടക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് കിറ്റുകള്‍ വരെ വിതരണം ചെയ്യുന്നത്. പണപ്പിരിവിനാണ് ഇപ്പോള്‍ മന്ത്രിമാര്‍ക്ക് താത്പര്യം. അത് വിതരണം ചെയ്യാന്‍ യാതൊരു താത്പര്യവുമില്ല’, ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാരും മന്ത്രിമാരും തമ്മില്‍ പ്രത്യക്ഷമായ അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.