തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍പ്പെട്ട കേരളത്തിന് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം നിഷേധിക്കുന്ന കേന്ദ്ര സമീപനം തികച്ചും നിരാശാജനകമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. മനുഷ്യരുടെ ദുരിതങ്ങള്‍ അകറ്റാനായിരിക്കണം നയങ്ങളെന്നും വിദേശസഹായം സ്വീകരിക്കുന്നതിനു തടസം ഉണ്ടെങ്കില്‍ അതു ഗൗരവത്തോടെ കണ്ട് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം സന്ദര്‍ശിച്ചതിന് മോദിയോട് നന്ദി പറയുന്നതായും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ പ്രളയം സൃഷ്ടിച്ച ആഘാതം കണക്കിലെടുക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നും അനുവദിച്ച സാമ്പത്തിക സഹായം വളരെ കുറഞ്ഞ് പോയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നും വരുന്ന സഹായങ്ങള്‍ വലിയ ആശ്വാസമാണെന്നും കത്തില്‍ പറയുന്നു. അതേസമയം, കേരളത്തിന് യുഎഇ വാഗ്‌ദാനം ചെയ്ത സഹായം വേണ്ടെന്ന് കേന്ദ്രം അറിയിച്ചതായി വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഈ നീക്കം കേരളത്തിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലേത് ഗുരുതരമായ പ്രളയമാണെന്നു പ്രധാനമന്ത്രി തന്നെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനത്തിന് ഇതിലൂടെ വലിയ തോതില്‍ സഹായം ലഭിക്കും. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് പ്രളയക്കെടുതിയുടെ വ്യാപ്തി നേരില്‍ കണ്ടതാണ്. എന്നിട്ടും പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം തീരെ കുറഞ്ഞുപോയി. കേരളത്തിനുണ്ടായ നഷ്ടത്തിന് ആനുപാതികമായ ധനസഹായം നൽകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, യുഎഇയില്‍ നിന്നും സഹായം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരളത്തിന്റെ ഉറ്റമിത്രമാണ് യുഎഇയെന്നും കേരളീയരുടെ വന്‍ തോതിലുള്ള സാന്നിധ്യമുള്ള നാടാണ് ഗള്‍ഫെന്നും അതുകൊണ്ട് അവര്‍ നല്‍കുന്ന സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീക്കി കേരളത്തെ സഹായിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.