ആലപ്പുഴ: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന്‍. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തി. കുട്ടികളുമായി സംവദിച്ച അവർ കുട്ടികൾക്ക് സ്കൂൾ കിറ്റുകളും കൈമാറി.

റിലയൻസിന്‍റെ ദുരിതാശ്വാസ സഹായമായ 71 കോടി രൂപയിൽ 21 കോടി രൂപ നിത അംബാനി ഇന്ന് മുഖ്യമന്ത്രിക്ക് നൽകും. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിൽ എത്തിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം അവ‍ർ കേരള ബ്ലാസ്റ്റേഴ്സുമായി കൂടിക്കാഴ്ച നടത്തും.

പ്രളയക്കെടുതി ബാധിതരെ രക്ഷപ്പെടുത്തുക, അവര്‍ക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീര്‍ഘ കാല പദ്ധതിയും റിലയന്‍സ് ഫൗണ്ടേഷന്‍ ആവിഷ്കരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളില്‍ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ്സും, റിലയന്‍സ് ഫൗണ്ടേഷനും. റിലയന്‍സ് റീട്ടെയിൽ വഴി 50,000 പേര്‍ പാര്‍ക്കുന്ന 160 ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലൂക്കോസും, സാനിറ്ററി നാപ്കിൻസും എത്തിച്ചു കഴിഞ്ഞു.

‘ഒരു ഉത്തരവാദിത്തപ്പെട്ട കോർപറേറ്റ് ഫൗണ്ടേഷന്‍ എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും ജോലിയുമാണ് കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോദരന്മാരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് തങ്ങള്‍” റിലയന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് നിത എം.അംബാനി പറഞ്ഞു. കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകും” നിത അംബാനി കൂട്ടിച്ചേര്‍ത്തു.

ഇതിനു പുറമെ സംസ്ഥാനത്തു പ്രളയക്കെടുതിയില്‍ തകര്‍ന്ന സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കണക്കുകള്‍ ശേഖരിച്ചു വരികയാണ് ഫൗണ്ടേഷന്‍. തിരഞ്ഞെടുക്കപ്പെട്ട തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യും. തകര്‍ന്ന സ്കൂളുകള്‍, കോളേജുകള്‍, റോഡുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ട നിര്‍മാണ സാമഗ്രികള്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്യും. നിർമ്മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മേസ്തിരിമാര്‍, തടിപ്പണിക്കാര്‍, ഇലക്‌ട്രീഷ്യന്മാര്‍ എന്നിവരെ റിലയന്‍സ് ഇൻഡസ്ട്രീസിന്‍റെ കോണ്‍ട്രാക്ടര്‍മാര്‍ വഴി വിട്ടു കൊടുക്കും.

വീടുകളില്‍ വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്‍കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉള്‍പ്പെടെ 7 ദിവസത്തെ സൗജന്യ വോയ്‌സ് പാക്ക് നല്‍കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.