Kerala Floods: ന്യൂഡൽഹി: നാഷണൽ​ ഹൗസിങ് ബാങ്ക് (​എൻ​എച്ച്ബി) 200 കോടി രൂപയുടെ റീഫിനാൻസ് കേരളത്തിന് നൽകും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക നൽകുന്നത്. പ്രളയക്കെടുതിയിൽ തകർന്ന വീടുകൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപണികൾ ചെയ്യുന്നതിനുമാണ് കുറഞ്ഞ നിരക്കിലുളള റീഫിനാൻസ് അനുവദിച്ചത്. എൻഎച്ച്ബിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

കുറഞ്ഞ പലിശ നിരക്കിൽ താങ്ങാൻ പറ്റുന്ന തരത്തിലുളള​ ഭവന വായ്പ നൽകാനാണ് 200 കോടി രൂപയുടെ റീഫിനാൻസ് എൻഎച്ച്ബി അനുവദിച്ചതെന്ന് ഫിനാൻഷ്യൽ​ സർവീസസ് സെക്രട്ടറി രജീവ് കുമാർ വിവിധ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. അവശ്യമനുസരിച്ച് ഒരു വർഷത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മുതൽ വായ്പാ തിരിച്ചടവിന്റെ തവണകൾ പുനഃക്രമീകരിക്കുന്നത് വരെയുളള ​കാര്യങ്ങൾ ചെയ്യുമെന്ന് രാജീവ് കുമാർ വ്യക്തമാക്കന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുളള​ ഭവന വായ്പകളുടെ കാര്യത്തിൽ​ വീട് നന്നാക്കാനായി ആവശ്യാനുസരണം ടോപ്പ് അപ്പ് ചെയ്യാനും അനുവദിക്കും.

പ്രളയക്കെടുതി ഏറ്റവും കനത്ത ആഘാതമേൽപ്പിച്ച കാർഷിക മേഖല, മൈക്രോ, സ്മാൾ മീഡിയം എന്റർപ്രൈസസ് സെക്ടർ എന്നീ മേഖലകളിൽ ഈ സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പുതിയ വായ്പകൾ അനുവദിക്കുക, നിലവിലെ കുടിശ്ശികയക്ക് പിഴ പലിശ ഒഴിവാക്കുക എന്നിങ്ങനെയുളള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

ബാങ്കിങ് സേവനം പുനഃസ്ഥാപിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. താൽക്കാലികമായ ബാങ്ക് ശാഖകൾ ആരംഭിച്ചും മൊബൈൽ എടിഎമ്മുകൾ വിന്യസിച്ചും ആണ് ബാങ്കിങ് പ്രവർത്തനം പുനഃസ്ഥാപിച്ചിത്. ചെറിയ നോട്ടുകളുടെ ലഭ്യത ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്ക്, ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് ഇവയ്ക്കുളള ഫീസ് ഒഴിവാക്കി. എടിഎം വഴിയുളള ഇടപാടുകൾക്കുളള ഫീസും ഒഴിവാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.