Kerala Floods:തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയിലേയ്ക്കുള്ള കുടിയേറ്റം അരനൂറ്റാണ്ടിലധികം പിന്നിടുമ്പോള്‍, എല്ലാ പ്രതികൂല അവസ്ഥകളോടും പൊരുതിയും ഇണങ്ങിയും ജീവിതം കരുപ്പിടിപ്പിച്ച ഇടുക്കിയിലെ കുടിയേറ്റ ജനതയെ പ്രളയം വീണ്ടും തകര്‍ത്തെറിഞ്ഞിരിക്കുന്നു. ’99 ലെ വെള്ളപ്പൊക്ക’മെന്ന പേരില്‍ അറിയപ്പെടുന്ന 1924-പ്രളയം മൂന്നാറിലെ റെയില്‍വേ ലൈന്‍ ഉള്‍പ്പടെ മുക്കിയെന്നത് പുതുതലമുറയെ സംബന്ധിച്ചിടത്തോളം കേട്ടറിവുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ പോയ കനത്തമഴ ഇടുക്കിയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞിരിക്കുന്നു.
ഇടുക്കിയില്‍ നിന്നു തുറന്നുവിടുന്ന പ്രളയ ജലം മറ്റു ജില്ലകളെയും മുറിവേല്‍പ്പിച്ചപ്പോള്‍ ഇനിയും അവസാനിക്കാത്ത ഉരുള്‍പൊട്ടലുകളും തകരാറിലായ റോഡുകളും വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇടുക്കി യെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന തലത്തിലേയ്ക്കെത്തിച്ചിരിക്കുന്നു. തെക്കിന്റെ കശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറാകട്ടെ ഒരാഴ്ചയോളം ഒറ്റപ്പെട്ടതിന് ശേഷം പതിയെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നതേയുളളൂ.
ഓഗസ്റ്റ് ഒമ്പതിന് ഡാമില്‍ ജലനിരപ്പുയര്‍ന്നതോടെ നാലുമണിക്കൂർ നേരത്തേയ്ക്ക് ട്രയല്‍റണ്‍. അതിന് മുമ്പ് ബ്ലൂ അലർട്ടും പിന്നീട് ഓറഞ്ച് അലർട്ടും പിന്നിട്ട മണിക്കൂറുകൾ. അവസാനം അഞ്ച് ഷട്ടറുകളും തുറക്കുന്ന തരത്തിലേയ്ക്കെത്തി ഡാമിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങിയത് പതിനഞ്ച് ലക്ഷം ലിറ്ററിലേയ്ക്ക് വരെ ഉയര്‍ന്നതോടെ സമീപ ജില്ലകളായ എറണാകുളവും പ്രളയ ദുരിതത്തില്‍ മുങ്ങി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ കനത്തമഴയില്‍ ഇടുക്കി ജില്ലയിൽ മാത്രം 51 പേര്‍ മരിക്കുകയും എട്ടുപേരെ കാണാതാവുകയും ചെയ്തു. ജില്ലയിലെ ദുരന്തത്തിൽ 42 ജീവനുകളും കവര്‍ന്നെടുത്തത് ഉരുള്‍പൊട്ടലുകളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അടിമാലിയില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബം ഉരുള്‍പൊട്ടലില്‍ മരിച്ചതിന്റെ ആഘാതത്തിൽ വിറങ്ങലിച്ചുനിൽക്കുമ്പോഴാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകളുണ്ടായത്. മാങ്കുളവും, അടിമാലിയും, പണിക്കന്‍കുടിയും, മൂന്നാറും, ഉപ്പുതോടും, ഇടുക്കിയുമെല്ലാം ഉരുള്‍പൊട്ടലിന്റെ പ്രഹരത്തില്‍ തകര്‍ന്നു. മാട്ടുപ്പെട്ടി ഡാം ഉള്‍പ്പടെയുള്ള ഡാമുകള്‍ തുറന്നുവിട്ടതോടെ മൂന്നാര്‍ പ്രളയജലത്തില്‍ മുങ്ങി. ഉരുള്‍പൊട്ടി റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മൂന്നാറിലേക്കുള്ള ഗതാഗതവും അസാധ്യമായി. മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിന് സമീപവും എന്‍ജിനീറിങ് കോളജിന് സമീപവും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ കൊച്ചി -ധനുഷ്‌കോടി പാതയിലൂടെ മൂന്നാറിലേക്കുള്ള യാത്ര അസാധ്യമാക്കി. മൂന്നാറിനു സമീപം പെരിയവരയില്‍ കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും പാലം തകര്‍ന്നതോടെ അന്തര്‍ സംസ്ഥാന റൂട്ടായ മൂന്നാര്‍ -ഉദുമല്‍പേട്ട് പാതയും അടഞ്ഞു. വാര്‍ത്താവിനിമയ ബന്ധങ്ങളും റോഡ് സൗകര്യങ്ങളും പൂര്‍ണതോതിലാകാത്തതിനാല്‍ മൂന്നാറിനുണ്ടായ നഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.
കനത്ത മഴയിലും പ്രളയത്തിലും കൂടുതല്‍ നഷ്ടമുണ്ടായ മറ്റൊരു മേഖല ചെറുതോണിയാണ്. വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുള്ളവ തകര്‍ന്നു തരിപ്പണമായി. വൈദ്യുതിയും വാര്‍ത്ത വിനിമയ ബന്ധങ്ങളും പൂര്‍ണമായി തകരാറിലായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ ജീവന്‍ ബാബു കെ പറയുന്നു. ചെറുതോണി പാലം തകര്‍ന്നതോടെ കട്ടപ്പന- ചെറുതോണി റൂട്ടില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. ചെറുതോണി ടൗണില്‍ വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെത്തി മൂന്നു ദിവസത്തോളം കുടുങ്ങിപ്പോയ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഇടുക്കി, ചെറുതോണി ഡാം ടോപ്പിലൂടെയാണ് പുറം ലോകത്തെത്തിയത്. “വൈദ്യുതിയും മൊബൈല്‍ നെറ്റുവര്‍ക്കും തകരാറിലായി. ഇതോടൊപ്പം വെള്ളം കൂടി ലഭിക്കാതായതോടെ ആകെ ബുദ്ധിമുട്ടി. ഹോട്ടലുകള്‍ അടച്ചിരുന്നതിനാല്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടനുഭവിച്ചപ്പോൾ പ്രദേശവാസികളാണ് ഭക്ഷണം തന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ട് മനസിലാക്കാനും കഴിഞ്ഞു,” അവിടെ കുടുങ്ങിപ്പോയ മാധ്യമ സംഘത്തിലുണ്ടായിരുന്ന പീപ്പിള്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ സി സമീര്‍ പറയുന്നു. ചുറ്റിനുമുള്ള റോഡുകളെല്ലാം മണ്ണിടിഞ്ഞു തകര്‍ന്നതാണ് മാധ്യമ സംഘം കുടുങ്ങാനിടയാക്കിയത്.
കുമളിയും തമിഴ്നാടുമായി ബന്ധിക്കുന്ന കൊട്ടാരക്കര- ദിണ്ഡുക്കല്‍ ഹൈവേയുടെ കുമളി തമിഴ്നാട് ഇരച്ചില്‍പാലത്തിനു സമീപം ഇടിഞ്ഞതോടെ തമിഴ്നാട്ടിലേക്കു കുമളിയിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
ഇടുക്കിക്ക് പിന്നാലെ മുല്ലപ്പെരിയാറിലും വന്‍തോതില്‍ ജലനിരപ്പുയര്‍ന്നതാണ് പ്രതിസന്ധികൂടുതല്‍ രൂക്ഷമാക്കിയത്. ഒരുഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ രാത്രി രണ്ടു മണിയോടെ സ്പില്‍വേകള്‍ തുറന്നു വെള്ളം ഇടുക്കിയിലേയ്ക്ക് ഒഴുക്കേണ്ടി വന്നു. വെള്ളം തുറന്നുവിട്ടതോടെ പെരിയാറിന്റെ തീരങ്ങളായ ചപ്പാത്തും ഉപ്പുതറയുമെല്ലാം വെള്ളത്തില്‍ മുങ്ങി.
ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലമുണ്ടായ ആള്‍ നാശവും നഷ്ടങ്ങളില്‍ നിന്നും ഇടുക്കിക്ക് അത്ര എളുപ്പത്തിലൊന്നും കരകയറാനാവില്ല. മറ്റു സ്ഥലങ്ങളില്‍ വെളളം കയറിയുള്ള നഷ്ടങ്ങളുണ്ടായപ്പോള്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം പാലങ്ങളും റോഡുകളും തകര്‍ന്നതാണ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇടുക്കിയിലെ 80 ശതമാനം റോഡുകളും പ്രളയം തകർത്തു. റോഡുകളും പാലങ്ങളും തകര്‍ന്നതുമൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് ഇടുക്കിക്ക് ഉടനയെങ്ങും തിരിച്ചുകയറാനാവില്ലെന്നാണ് ഇടുക്കിയെ നന്നായി അറിയാവുന്ന ഫാ. ജിജോ കുര്യന്‍ പറയുന്നത്. ഭൂരിഭാഗം റോഡുകളും തകര്‍ന്നതോടെ ഒറ്റപ്പെട്ട ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള അശ്രാന്തമായ പരിശ്രമങ്ങളിലാണിപ്പോള്‍ അധികൃതരും പ്രദേശവാസികളും.
മൂന്നു നില വീട് ഉള്‍പ്പെടയുള്ളവയാണ് മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നിലംപൊത്തിയത്. കൃഷി പ്രധാന ഉപജീവനമാര്‍ഗമായ ജില്ലയില്‍ കൃഷിനാശം മൂലമുള്ള നഷ്ടം തിട്ടപ്പെടുത്തായിട്ടില്ല. കട്ടപ്പന- കോട്ടയം ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ വാഹനഗതാഗതം പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം കുടിയേറ്റ കര്‍ഷകരുടെ നാടായ ഇടുക്കിയിലെ തകര്‍ന്നുപോയ ഗ്രാമീണ റോഡുകള്‍ ശ്രമദാനത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. നട്ടുനനച്ചുണ്ടാക്കിയതെല്ലാം ഒറ്റ രാത്രികൊണ്ടു വന്യ മൃഗങ്ങള്‍ നശിപ്പിക്കുമ്പോഴും പിറ്റേന്നും മണ്ണിലേക്കിറങ്ങുന്ന ഇടുക്കിയിലെ കുടിയേറ്റ ജനത പുതിയ പ്രളയത്തെയും അതിജീവിക്കാനുള്ള പരിശ്രമങ്ങളിലാണ്.